ഹലാൽ ഉത്പന്നങ്ങളുടെ പേരിൽ നടക്കുന്ന ജിഹാദിന് നിരോധനം ഏർപ്പെടുത്തണം; ബിഹാർ മുഖ്യമന്ത്രിക്ക് കത്തയച്ച് കേന്ദ്ര മന്ത്രി

പട്ന: ബിഹാറിൽ ഹലാൽ ഉത്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്താൻ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ആവശ്യപ്പെട്ട് കേന്ദ്ര ഗ്രാമവികസന മന്ത്രി ഗിരിരാജ് സിങ്. കത്തിലൂടെയായിരുന്നു കേന്ദ്ര മന്ത്രിയുടെ പരാമർശം.

മതവുമായി ബന്ധമില്ലാത്ത ഉത്പന്നങ്ങൾ പോലും ഇസ്ലാമിക വത്ക്കരിക്കാനുള്ള ശ്രമമാണ് ഹലാൽ ടാഗ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഇത് സാമൂഹിക വിവേചനത്തിന് കാരണമാകുമെന്നും മന്ത്രി പറഞ്ഞു. ഹലാൽ സർട്ടിഫിക്കറ്റ് നൽകുന്നതിൽ സ്ഥാപനങ്ങൾ സ്വയം പ്രഖ്യാപിത അധികാരികളായി മാറുകയാണെന്നും, ഇതിനായി നിർമാണ കമ്പനികളിൽ നിന്ന് ഗണ്യമായ തുക കൈപ്പറ്റുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹലാൽ ഉത്പന്നങ്ങളുടെ പേരിൽ നടക്കുന്ന ജിഹാദിനെതിരെ നിരോധനം ഏർപ്പെടുത്തണമെന്നും ഇത്തരം വിഭജനങ്ങളെയും ഗൂഢാലോചനകളെയും അംഗീകരിക്കരുതെന്നും മന്ത്രി കുറിച്ചു.

അടുത്തിടെ ഉത്തർപ്രദേശിൽ ഹലാൽ ഉത്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയിരുന്നു. വിവിധ ഉൽപ്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നൽകിയതിന് ലഖ്നോവിൽ ബി.ജെ.പി പ്രവർത്തകന്‍റെ പരാതിയിൽ ഒരു കമ്പനിക്കും മൂന്ന് സംഘടനകൾക്കുമെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഹലാൽ നിരോധനമേർപ്പെടുത്തിയത്. നിരോധനം ഉടനടി പ്രാബല്യത്തിലായതായി ഉത്തരവിൽ പറയുന്നു.

ഭക്ഷ്യവസ്തുക്കൾക്കും സൗന്ദര്യവർധക വസ്തുക്കൾക്കും ഹലാൽ സർട്ടിഫിക്കറ്റ് പതിപ്പിക്കുന്നത് മതവികാരത്തിന്‍റെ മുതലെടുപ്പാണെന്നും പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നും കേസെടുത്തതിന് പിന്നാലെ അധികൃതർ വിശദീകരിച്ചിരുന്നു.'ഹലാൽ സർട്ടിഫൈഡ് ഭക്ഷ്യോൽപ്പന്നങ്ങളുടെ നിർമാണം, സംഭരണം, വിതരണം, വിൽപ്പന എന്നിവ പൊതുജനാരോഗ്യം മുൻനിർത്തി സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്നു' എന്നാണ് ഉത്തരവിൽ പറയുന്നത്. ഇതുപ്രകാരം ഹലാൽ ടാഗോടെ ഇറച്ചി, പാൽ ഉൽപ്പന്നങ്ങൾ, പഞ്ചസാര, ബേക്കറി ഉൽപ്പന്നങ്ങൾ മുതലായവ നിർമിക്കുകയോ വിൽക്കുകയോ ചെയ്യരുതെന്നും ഉത്തരവിൽ പരാമരർശിക്കുന്നുണ്ട്. 

Tags:    
News Summary - Union Minister asks Bihar to ban halal certified products

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.