ന്യൂഡൽഹി: ‘മീ ടൂ’ ലൈംഗികാതിക്രമ ആരോപണ വിധേയനായ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബർ സ്ഥാനമൊഴിയണമെന്ന ആവശ്യവുമായി രാജ്യത്തെ പ്രധാന മാധ്യമപ്രവർത്തക കൂട്ടായ്മകൾ. നിഷ്പക്ഷ അന്വേഷണം പൂർത്തിയാകുന്നതുവരെ മന്ത്രിസഭയിൽനിന്ന് അക്ബർ വിട്ടുനിൽക്കണമെന്ന് പ്രസ് ക്ലബ് ഒാഫ് ഇന്ത്യ, ഇന്ത്യൻ വിമൻസ് പ്രസ് കോർപ്സ്, പ്രസ് അസോസിയേഷൻ, സൗത്ത് ഏഷ്യൻ വിമൻ ഇൻ മീഡിയ തുടങ്ങിയവ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
‘‘മന്ത്രിസഭയിലെ പ്രധാന വ്യക്തികളിലൊരാളായ അദ്ദേഹത്തിെൻറ പ്രതികരണത്തിൽ ആ പദവി അദ്ദേഹത്തിൽ ഏൽപിച്ച ഉത്തരവാദിത്തവും പ്രതിഫലിക്കണം’ എന്ന് പ്രസ്താവന ആവശ്യപ്പെട്ടു. ‘മീ ടൂ’ വെളിപ്പെടുത്തലിെൻറ ചുവടുപിടിച്ച് നിരവധി വനിത മാധ്യമപ്രവർത്തകർ, മുൻ മാധ്യമപ്രവർത്തകൻ കൂടിയായ അക്ബറിനെതിരെ ലൈംഗികാതിക്രമ ആരോപണമുന്നയിച്ചു രംഗത്തു വന്നിരുന്നു. എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച മന്ത്രി ആരോപണമുന്നയിച്ചവരിലൊരാളായ പ്രിയ രമണിക്കെതിരെ നിയമനടപടി ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മാധ്യമ കൂട്ടായ്മകൾ രൂക്ഷ പ്രതികരണവുമായി മുന്നോട്ടുവന്നത്.
‘‘മാധ്യമസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഒേട്ടറെ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉയർന്നു വന്നതിൽ ഞങ്ങൾ ഉത്കണ്ഠ പ്രകടിപ്പിക്കുകയാണ്. ഇത്തരം പരാതികൾ അഭിമുഖീകരിക്കാൻ പര്യാപ്തമായ സംവിധാനം തൊഴിലിടങ്ങളിൽ ഒരുക്കുന്നതിൽ മാധ്യമസ്ഥാപനങ്ങൾക്കും മാനേജ്മെൻറുകൾക്കും കഴിയുന്നില്ലെന്ന് തിരിച്ചറിയുകയാണ്. ആരോപണം ഉയർന്നത് സ്വാധീനശക്തിയുള്ള ഉന്നതവ്യക്തിക്കുനേരെ ആയതിനാൽ ഭീഷണിക്കും സ്വാധീനത്തിനും വഴങ്ങാതെ നിഷ്പക്ഷ അന്വേഷണം നടക്കണം’’ -പ്രസ്താവന ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.