ദമോഹ്: ഗുരുതരാവസ്ഥയിൽ കഴിയുന്ന മാതാവിന്‍റെ ചികിത്സക്കായി ഓക്സിജൻ ലഭ്യമാക്കണമെന്ന് പരാതിപ്പെട്ടയാൾക്ക് മുതിർന്ന ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ പ്രഹ്ലാദ് പേട്ടലിന്റെ ഭീഷണി. 'ഇങ്ങനെയെക്കെ സംസാരിച്ചാൽ രണ്ട് അടിയായിരിക്കും കിട്ടുക' (ഐസേ ബാത് കരേഗാ തൊ ദോ ഖായേഗാ) എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. മധ്യപ്രദേശിലെ ദമോഹിലെ ജില്ലാ ഹോസ്പിറ്റലിൽ നടന്ന സംഭവത്തിന്‍റെ വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദമോഹിൽ നിന്നുള്ള എം.പിയാണ് പ്രഹ്ലാദ് പേട്ടൽ.
തന്‍റെ മണ്ഡലത്തിലെ ആശുപത്രിയിൽ സന്ദർശനം നടത്താനെത്തിയ കേന്ദ്രമന്ത്രിയോടാണ് ഒരാൾ പരാതി പറയാനെത്തിയത്. അമ്മ ഗുരുതരാവസ്ഥയിലാണെന്നും ചികിത്സക്കായി ഓക്സിജൻ ലഭ്യമല്ലെന്നും മന്ത്രി ഇടപെടണമെന്നുമാണ് അയാൾ പറയുന്നത്. അപ്പോഴാണ് 'രണ്ട് അടിയായിരിക്കും കിട്ടുക' എന്ന മറുപടി മന്ത്രി നൽകുന്നത്. താൻ അടി വാങ്ങാൻ തയാറാണെന്നും അമ്മക്ക് ഓക്സിജൻ കിട്ടിയാൽ മതി എന്നും നിസ്സഹായതയോടെ അയാൾ മറുപടി പറയുന്നതും കേൾക്കാം.
'നിങ്ങൾക്ക് ആരെങ്കിലും ഓക്സിജൻ നിഷേധിച്ചോ' എന്ന് മന്ത്രി ചോദിക്കുന്നുണ്ട്. ആശുപത്രിക്കാർ ഓക്സിജൻ നിഷേധിച്ചെന്നും ഒരു സിലിണ്ടർ അഞ്ച് മിനിറ്റ് നേരത്തേക്കേ കിട്ടിയുള്ളൂെയന്നുമാണ് അയാളുടെ മറുപടി. ആർക്കും സഹായം നിഷേധിക്കുന്നില്ലെന്നും പരാതിക്കാരൻ ഉചിതമായ ഭാഷ ഉപയോഗിക്കണമായിരുന്നെന്നുമാണ് പിന്നീട് മന്ത്രി ചൂണ്ടിക്കാട്ടിയത്.
പിന്നീട് മന്ത്രിയെ ന്യായീകരിച്ച് ബി.െജ.പി വക്താവ് ഡോ. ആശിഷ് അഗർവാൾ രംഗത്തെത്തി. 'പെട്ടന്ന് ക്ഷോഭിക്കുന്നയാളാണ് മന്ത്രി. ഒരുപക്ഷേ, താൻ ആ വാക്കുകൾ ഉപയോഗിച്ച സാഹചര്യമെന്തെന്ന് അദ്ദേഹം തിരിച്ചറിഞ്ഞുകാണില്ല. ഈ സാഹചര്യത്തിൽ എല്ലാവരും സംയമനം പാലിക്കേണ്ടതാണ്' -ആശിഷ് അഗർവാൾ പറഞ്ഞു.
കേന്ദ്രമന്ത്രിക്കെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. മാതാവ് മരണാസന്നയായി കിടക്കുേമ്പാൾ ഇത്തരം വാക്കുകൾ പറഞ്ഞ മന്ത്രിയെ കൈയേറ്റം ചെയ്യാതിരുന്ന പരാതിക്കാരനെ അഭിനന്ദിക്കുന്നെന്നായിരുന്നു കോൺഗ്രസ് എം.എൽ.എ കുനാൽ ചൗധരിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.