ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ജുഡീഷ്യൽ കസ്റ്റഡിയിൽ. ലഖിംപുർ ഖേരി ജില്ല ജയിലിലെ 21ാം നമ്പർ ബാരക്കിൽ കോവിഡ് ക്വാറൻറീനിലാണ് ആശിഷ് മിശ്ര.
കഴിഞ്ഞ ദിവസമാണ് ലഖിംപൂർ ഖേരി സംഭവവുമായി ബന്ധപ്പെട്ട് യു.പി പൊലീസ് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തത്. ആശിഷ് മിശ്രയുടെ കേസ് തിങ്കളാഴ്ച കോടതി പരിഗണിക്കും.
മിശ്രയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു. പൊലീസ് മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് ചോദിച്ചത്. ഞങ്ങൾ അതിനെ എതിർത്തു. ഒക്ടോബർ 11ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് മിശ്രയുടെ അഭിഭാഷകൻ അവാദേശ് സിങ് പറഞ്ഞു.
ശനിയാഴ്ച രാവിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരായ ആശിഷ് മിശ്രയെ 12 മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനുശേഷമാണ് കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്. ഒക്ടോബർ മൂന്നിന് നാല് കർഷകരുടെ മരണത്തിനിടയാക്കി ഇടിച്ചുകയറ്റിയ വാഹനത്തിൽ ആശിഷ് മിശ്രയുണ്ടായിരുന്നെന്നാണ് കർഷക സംഘടനകളുടെ പരാതി. ആശിഷിെൻറ വീട്ടുചുമരിൽ നോട്ടീസ് പതിച്ചാണ് ചോദ്യം ചെയ്യലിന് ഹാജരാവാൻ പൊലീസ് ആവശ്യപ്പെട്ടത്. ഏതൊരു കൊലപാതക കേസിലെ പ്രതിയെയും പോലെ ആശിഷിനെയും പരിഗണിക്കണമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി യു.പി പൊലീസിനെ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.