കൊൽക്കത്ത: ജനാധിപത്യത്തിന് നേരെ ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾക്കെതിരെ ഐക്യത്തോടെ സമരമുഖത്തിറങ്ങാൻ സമയമായെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും മറ്റു പ്രതിപക്ഷ നേതാക്കൾക്കും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിയുടെ കത്ത്. സോണിയ ഗാന്ധിക്ക് പുറമെ ശരദ് പവാർ, എം.കെ. സ്റ്റാലിൻ, തേജസ്വി യാദവ്, ഉദ്ധവ് താക്കറെ, അരവിന്ദ് കെജ്രിവാൾ, നവീൻ പട്നായിക് തുടങ്ങിയവർക്കാണ് മമത കത്തയച്ചത്. എന്നാൽ, സി.പി.ഐ, സി.പി.എം കക്ഷിനേതാക്കൾക്ക് അവർ കത്തയച്ചിട്ടില്ല.
പശ്ചിമ ബംഗാളിൽ നന്ദിഗ്രാം ഉൾെപടുന്ന മേഖലകളിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ഏപ്രിൽ ഒന്നിന് നടക്കാനിരിക്കെയാണ് മമത പ്രതിപക്ഷ നേതാക്കൾക്ക് കത്തയച്ചത്. തെരഞ്ഞെടുപ്പ് ഗോദയിൽ വ്യക്തിഹത്യയും ദുരാരോപണങ്ങളുമടക്കം ബി.ജെ.പി സർവ ആയുധങ്ങളും പുറത്തെടുക്കുന്നതിനിടയിലാണ് ഒന്നിച്ചുള്ള പോരാട്ടത്തിന്‍റെ പ്രാധാന്യം വ്യക്തമാക്കി മമതയുടെ കത്ത്.
ജനാധിപത്യത്തിനും ഭരണഘടനക്കുമെതിരെ ബി.ജെ.പി നടത്തുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഏഴു പോയന്‍റുകൾ കത്തിൽ നിരത്തുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക്ശേഷം പ്രതിപക്ഷ കക്ഷികൾ ഇതിനായി ഒന്നിച്ചിരിക്കണമെന്നും അവർ നിർദേശിക്കുന്നു. രാജ്യത്തെ ജനങ്ങൾക്ക് ബി.ജെ.പിക്ക് പകരം വിശ്വാസയോഗ്യമായ ഒരു ബദൽ മുന്നോട്ടുവെക്കുക എന്നതാണ് കത്തിൽ മമത ഊന്നുന്നത്.
ജനാധിപത്യത്തിനും കോർപറേറ്റിവ് ഫെഡറലിസത്തിനും നേരെയുള്ള ബി.ജെ.പിയുടെ കടന്നുകയറ്റങ്ങളെ ചെറുക്കേണ്ട ആവശ്യകത ഡൽഹിയിൽ ലഫ. ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ നൽകി പാസാക്കിയ വിവാദ നിയമം ചൂണ്ടിക്കാട്ടി മമത കത്തിൽ വിശദീകരിക്കുന്നുണ്ട്. ബി.ജെ.പിയിതര പാർട്ടികൾക്ക് ഭരണഘടനാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നിഷേധിക്കുകയാണ് ബി.ജെ.പിയുടെ ഉന്നം. സംസ്ഥാന സർക്കാറുകളുടെ അധികാരത്തിൽ വെള്ളം ചേർക്കാൻ ആഗ്രഹിക്കുന്ന അവർ, സംസ്ഥാന സർക്കാറുകളെ കേവലം മുനിസിപ്പാലിറ്റികൾ മാത്രമായി തരംതാഴ്ത്താനാണ് ശ്രമിക്കുന്നത്.
ചുരുക്കത്തിൽ, ഒരു ഏകകക്ഷി ഭരണത്തിന്‍റെ സ്വേച്ഛാധിപത്യത്തിലേക്ക് രാജ്യത്തെ നയിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും മമത വ്യക്തമാക്കുന്നു. തൃണമൂൽ കോൺഗ്രസിന്‍റെ അധ്യക്ഷയെന്ന നിലയിൽ, ബി.ജെ.പിക്കെതിരെ അനിവാര്യമായി മാറിക്കഴിഞ്ഞ പോരാട്ടത്തിൽ സമാനമനസ്കരായ എല്ലാ പാർട്ടികളുമായും തുറന്ന മനസ്സോടെ ഒന്നിച്ചു പ്രവർത്തിക്കാൻ തയാറാണെന്നും അവർ കത്തിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.