അമരാവതി: ആന്ധ്രാപ്രദേശിലെ സർവകലാശാലയിൽ ഹോമം നടത്താനൊരുങ്ങി വൈസ് ചാൻസലർ. ശ്രീ കൃഷ്ണദേവരായ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫ. രാമകൃഷ്ണ റെഡ്ഡിയാണ് വിചിത്ര തീരുമാനം എടുത്തിരിക്കുന്നത്. ഒരു മാസത്തിനിടെ സർവകലാശാലയിലെ അഞ്ച് ജീവനക്കാർ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാമ്പസിൽ ഹോമം നടത്താൻ വി.സി തീരുമാനിച്ചത്.
ഫെബ്രുവരി 24ന് നടത്തുന്ന കാമ്പസിൽ ശ്രീ ധന്വന്തരി മഹാമൃത്യുഞ്ജയ ശാന്തി ഹോമത്തിനായി അധ്യാപക -അനധ്യാപക ജീവനക്കാർ പണം സംഭാവന നൽകണമെന്ന് ആവശ്യപ്പെട്ട് വി.സി സർക്കുലറും ഇറക്കിയിരുന്നു.
അധ്യപകരോട് 500 രൂപയും അനധ്യാപക ജീവനക്കാരോട് 100 രൂപയും സംഭാവനയായി നൽകണമെന്നായിരുന്നു നിർദേശം. ജീവനക്കാരുടെ പെട്ടന്നുള്ള മരണം സർവകലാശാലയിലെ മറ്റ് ജീവനക്കാരിൽ ഭീതിയുണ്ടാക്കിയതായും ഇതിനാലാണ് പൂജ നടത്താൻ തീരുമാനിച്ചതെന്നും വി.സി വിശദീകരിക്കുന്നു.
വി.സിയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെ സ്വന്തം പണം ഉപയോഗിച്ച് പൂജ നടത്തുമെന്ന് വി.സി അറിയിച്ചിട്ടുണ്ട്. എന്നാൽ, വിവാദ സർക്കുലർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥി സംഘടനകൾ രംഗത്തെത്തി. സർവകലാശാല മതപരമായ ചടങ്ങുകൾ നടത്താനുള്ള സ്ഥലമല്ലെന്നും വിദ്യാർഥി സംഘടനകൾ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.