ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ മന്ത്രിസഭാ പുന:സംഘാടനം പൂര്‍ത്തിയായി ചിത്രം തെളിയുമ്പോള്‍ പുതുമുഖങ്ങളായി രംഗത്തെത്തിയത് 36 പേരാണ്. ബി.ജെ.പിയുടെ ഹൃദയഭൂമിയായ യു.പിയില്‍ നിന്ന് ഏഴ് പേരാണ് മന്ത്രിസഭയില്‍ ഇടംനേടിയത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യു.പി നിയമസഭ തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നാണ് നിരീക്ഷണം. യു.പിയില്‍ നിന്നുള്ളവരുടെ കൂട്ടത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിമര്‍ശകനെന്ന് പേരുകേട്ട ഒരാളുമുണ്ട് -കൗശല്‍ കിഷോര്‍.
യു.പിയിലെ മോഹന്‍ലാല്‍ഗഞ്ച് എം.പിയായ കൗശല്‍ കിഷോറിന് പാര്‍പ്പിട-നഗരകാര്യ വകുപ്പിന്റെ സഹമന്ത്രി സ്ഥാനമാണ് ലഭിച്ചത്. 61കാരനായ കൗശല്‍ കിഷോര്‍ ലോക്‌സഭയില്‍ ഇത് രണ്ടാം തവണയാണ്.
യു.പിയില്‍ കോവിഡിനെ നേരിടുന്നതില്‍ യോഗിക്ക് വീഴ്ചപറ്റിയെന്ന് വിമര്‍ശനമുന്നയിച്ച ബി.ജെ.പി നേതാക്കളുടെ കൂട്ടത്തിലാണ് കൗശല്‍ കിഷോര്‍. കോവിഡ് ബാധിച്ച് ഇദ്ദേഹത്തിന്റെ സഹോദരന്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെ യു.പിയിലെ കോവിഡ് സാഹചര്യങ്ങളെ കുറിച്ച് കൗശല്‍ കിഷോര്‍ യോഗിക്ക് കത്തെഴുതി. ലഖ്‌നോവിലെ പ്രധാനപ്പെട്ട രണ്ട് സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്.
കിങ് ജോര്‍ജ്‌സ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി, ബല്‍റാംപൂര്‍ എന്നീ ആശുപത്രികളില്‍ പൂര്‍ണമായി അധികൃതരുടെ അനാസ്ഥയാണെന്ന് കത്തില്‍ വിമര്‍ശിച്ചു. കോവിഡ് രൂക്ഷമാകുമ്പോഴും ഇവിടെ ഭൂരിപക്ഷം കിടക്കകളും ഒഴിഞ്ഞുകിടക്കുകയാണ്. മഹാമാരി നേരിടുന്നതിന്റെ ഒരു ഗൗരവവും അധികൃതര്‍ക്കില്ല -കൗശല്‍ കിഷോര്‍ ചൂണ്ടിക്കാട്ടി.
രോഗികള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാക്കിയില്ലെങ്കില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് ഇദ്ദേഹം ആശുപത്രി അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
നിരവധി നേതാക്കള്‍ യു.പി സര്‍ക്കാറിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡ് രണ്ടാംതരംഗത്തില്‍ ഓരോ ഗ്രാമത്തിലും 10 പേര്‍ വീതം മരിക്കുകയാണെന്നും ഒന്നാംതരംഗത്തില്‍ നിന്ന് പാഠം പഠിച്ചില്ലെന്നും വിമര്‍ശിച്ചത് ബി.ജെ.പി വര്‍ക്കിങ് കമ്മിറ്റിയംഗം രാം ഇഖ്ബാല്‍ സിങ്ങാണ്.
യു.പി മന്ത്രിയും ലക്നൗ എം.എല്‍.എയുമായ ബ്രിജേഷ് പഥക്, കോവിഡ് ബാധിച്ചു മരിച്ച ബറേലി എം.എല്‍.എ കേസര്‍ സിങ്, ബസ്തി എം.പി ഹൈഷ് ദ്വിവേദി, ബദോഹിയിലെ എം.എല്‍.എ ദിനനാഥ് ഭാസ്‌കര്‍, കാണ്‍പൂര്‍ എം.പി സത്യദേവ് പച്ചൗരി എന്നിവരും കോവിഡ് നേരിട്ടതിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.
കൗശല്‍ കിഷോറിന് മന്ത്രിസഭയില്‍ സ്ഥാനം നല്‍കുമെന്ന് അമിത് ഷാ പരസ്യമായി ഉറപ്പു നല്‍കിയിരുന്നെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ഉറപ്പാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.