രാഹുൽ ഗാന്ധിയെ പപ്പുവെന്ന് വിളിച്ച് യു.പി ജില്ലാ കലക്ടർ; വിവാദമായപ്പോൾ അക്കൗണ്ട് ഹാക്ക് ചെയ്തു​വെന്ന് വിശദീകരണം

ലഖ്നോ: ഇക്കഴിഞ്ഞ സെപ്റ്റംബർ 13ന് യു.പിയിലെ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ നോയ്ഡ കലക്ടർ മനീഷ് വർമ രാഹുൽ ഗാന്ധിയെ കുറിച്ചിട്ട പോസ്റ്റ് പലരുടെയും നെറ്റി ചുളിച്ചു. പോസ്റ്റ് വിവാദമായപ്പോൾ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്ന് പറഞ്ഞ് കലക്ടർ തടിയൂരി. മനീഷ് വർമ എക്സ് പോസ്റ്റിൽ പപ്പു എന്നാണ് രാഹുലിനെ വിശേഷിപ്പിച്ചത്. കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേതിന്‍റെ എക്സ് പോസ്റ്റിനായിരുന്നു കലക്ടറുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് പ്രതികരണമുണ്ടായത്.

'നിങ്ങൾ നിങ്ങളെ കുറിച്ചും നിങ്ങളുശട പപ്പുവെിനെ കുറിച്ചും മാത്രം ചിന്തിക്കുക'.-എന്നായിരുന്നു കമന്റ്. കോൺഗ്രസ് രൂക്ഷവിമർശനമുന്നയിച്ചതിനു പിന്നാലെ കലക്ടർ കമന്റ് ഡിലീറ്റ് ചെയ്തു. സാമൂഹിക വിരുദ്ധർ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത് ദുരുപയോഗം ചെയ്യുകയാണെന്നാണ് കലക്ടർ പിന്നീട് എക്സിൽ കുറിച്ചത്. സംഭവത്തിൽ പൊലീസിന് പരാതിയും നൽകി. ഇതിന്റെ എഫ്.ഐ.ആർ പങ്കുവെച്ചായിരുന്നു കലക്ടറുടെ വിശദീകരണം.

രാഹുലിനെതിരായ അധിക്ഷേപ പരാമർശത്തിനെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശും രംഗത്തുവന്നു. ഇന്ത്യന്‍ ബ്യൂറോക്രസിയില്‍ രാഷ്ട്രീയവത്കരണം വര്‍ധിക്കുകയാണ്. പണ്ട് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യത്തിന്റെ ഉരുക്ക് ചട്ടക്കൂട് എന്ന് വിശേഷിപ്പിച്ച സിവില്‍ സര്‍വീസിന് മേല്‍ ആരോക്കെയോ തുരങ്കം വെക്കുന്നുണ്ടെന്നുമായിരുന്നു ജയ്റാം രമേശിന്റെ പ്രതികരണം. അധിക്ഷേപം നടത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഒരു ചരിത്രകാരനുമായി നടത്തിയ ചര്‍ച്ചയുടെ ഒരു ഭാഗമായിരുന്നു സുപ്രിയ ശ്രീനാർ എക്സില്‍ പങ്കുവെച്ചത്. ചരിത്രം നിർമിച്ചതാണെന്നും മാറ്റാന്‍ കഴിയില്ലെന്നുമാണ് ഈ ഭാഗത്തില്‍ ചരിത്രകാരന്‍ പറയുന്നത്. ചരിത്രം തന്നെ എങ്ങനെ ഒരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയാമെന്നും അതുകൊണ്ടാണ് അദ്ദേഹം ആശങ്കപ്പെടുന്നതെന്നും ചരിത്രകാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പോസ്റ്റിന് താഴെയായാണ് രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചുകൊണ്ട് ജില്ലാ കലക്ടറുടെ അക്കൗണ്ടില്‍ നിന്ന് കമന്റ് വന്നത്.

Tags:    
News Summary - UP District Magistrate Calls Rahul Gandhi Pappu on X

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.