'യു.പി വിദ്വേഷ രാഷ്​ട്രീയത്തിന്‍റെ പ്രഭവകേന്ദ്രം'; യോഗിക്ക്​ 104 പ്രമുഖ മുൻ ഐ.എ.എസ്​ ഉദ്യോഗസ്​ഥരുടെ കത്ത്​

ന്യൂഡൽഹി: മതപരിവർത്തന നിരോധന നിയമത്തിലൂടെ ഉത്തർപ്രദേശിനെ വിദ്വേഷ രാഷ്​ട്രീയത്തിന്‍റെയും മതഭ്രാന്തിന്‍റെയും പ്രഭവ കേന്ദ്രമാക്കി മാറ്റിയെന്ന്​ ചൂണ്ടിക്കാട്ടി രാജ്യത്തെ 104 ​പ്രമുഖ മുൻ.എ.എസ്​ ഓഫിസർമാർ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്​ കത്തെഴുതി. മുൻ ദേശീയ സുരക്ഷ ഉപദേഷ്​ടാവ്​ ശിവശങ്കർ മേനോൻ, മുൻ ​വിദേശ സെക്രട്ടറി നിരുപമ റാവു, പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്​ടാവ്​ ടി.കെ.എ. നായർ തുടങ്ങിയവർ കത്തിൽ ഒപ്പുവെച്ചു.

മതപരിവർത്തന നിരോധന നിയമം പിൻവലിക്കാൻ തയാറാകണമെന്നാണ്​ കത്തിലെ ആവശ്യം. അധികാരമേൽക്കു​േമ്പാൾ ഉയർത്തിപ്പിടിക്കുമെന്ന്​ പ്രതിജ്ഞയെടുക്കുന്ന ഭരണഘടന പഠിക്കാൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള രാഷ്​ട്രീയക്കാർ തയാറാകണമെന്നും കത്തിൽ പറയുന്നു. സംസ്​ഥാനത്ത്​ ലവ്​ ജിഹാദ്​ തടയുകയെന്ന പേരിലാണ്​ യു.പി സർക്കാർ നിയമം കൊണ്ടുവന്നത്​. മുസ്​ലിം യുവാക്ക​െള ലക്ഷ്യം വെച്ചുള്ളതാണ്​ നിയമമെന്ന്​ ആക്ഷേപം ഉയർന്നിരുന്നു. നിയമം നടപ്പാക്കി രണ്ടുമാസത്തിനുള്ളിൽ നിരവധി മുസ്​ലിം യുവാക്കളെ നിയമത്തിന്‍റെ പേരിൽ ജയിലിലാക്കുകയും ചെയ്​തിരുന്നു.

'ഗംഗ -യമുന സംസ്​കാരത്തിന്‍റെ ഭാഗമായാണ്​ ഒരുകാലത്ത്​ ഉത്തർപ്രദേശ്​ അറിയപ്പെട്ടിരുന്നത്​. ഇപ്പോൾ വ​​ിദ്വേഷ രാഷ്ട്രീയത്തിന്‍റെയും മതഭ്രാന്തിന്‍റെയും പ്രഭവ കേന്ദ്രമായി യു.പി മാറി. ഭരണഘടന സ്​ഥാപനങ്ങൾ വർഗീയ വിഷത്തിൽ മുങ്ങി. യു.പിയിൽ യുവജനങ്ങളായ ഇന്ത്യക്കാർക്ക്​ നേരെ ക്രൂര അതിക്രമ പരമ്പരകളും അരങ്ങേറി. ഒരു സ്വ​തന്ത്ര രാജ്യത്ത്​ സ്വതന്ത്ര പൗരനാകാൻ ആഗ്രഹിക്കുന്നവരാണ്​ ഇന്ത്യക്കാർ' -കത്തിൽ പറയുന്നു.

ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങ​െളക്കുറിച്ചും മുതിർന്ന ഉദ്യോഗസ്​ഥർ കത്തിൽ ചൂണ്ടിക്കാട്ടി. ബജ്​രംഗ്​ദൾ പ്രവർത്തകർ രണ്ടു മുസ്​ലിം യുവാക്കളെ മർദ്ദിക്കുകയും പൊലീസ്​ സ്​റ്റേഷനിലെത്തിച്ചശേഷം ഒരാൾ ഹിന്ദുപെൺകുട്ടിയെ വിവാഹത്തിന്​ നിർബന്ധിച്ചുവെന്ന്​ ചൂണ്ടിക്കാട്ടി രണ്ടുപേരെയും അറസ്റ്റ്​ ചെയ്​ത നടപടിയും കത്തിൽ സൂചിപ്പിക്കുന്നു. ബജ്​രംഗ്​ദളിന്‍റെ നടപടിയെ ചോദ്യം ചെയ്യാതെ, മൗനം പാലിച്ച യു.പി പൊലീസ്​ നടപടി മാപ്പ്​ അർഹിക്കാത്ത തെറ്റാണെന്നും കത്തിൽ പറയുന്നു.

യു.പി സർക്കാർ മതപരിവർത്തന ​നിരോധന നിയമം നടപ്പിലാക്കിയ ശേഷം മുസ്​ലിം പൗരൻമാർക്കെതിരെ അന്യായമായി ചുമത്തിയ കേസുകളും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. മുതിർന്നവരും പ്രായപൂർത്തിയായവരുമായ സ്​ത്രീകൾക്ക്​ സ്വന്തം ഇഷ്​ടപ്രകാരം ജീവിക്കാനും തീരുമാനങ്ങളെടുക്കാനും അവകാശങ്ങളു​ണ്ടെന്ന അലഹാബാദ്​ ഹൈകോടതി ഉത്തരവും മിശ്രവിവാഹിതരെ ഒരുമിച്ച്​ ജീവിക്കാൻ അനുവദിച്ചതും കത്തിൽ പരാമർശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.