'യു.പി വിദ്വേഷ രാഷ്ട്രീയത്തിന്റെ പ്രഭവകേന്ദ്രം'; യോഗിക്ക് 104 പ്രമുഖ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ കത്ത്
text_fieldsന്യൂഡൽഹി: മതപരിവർത്തന നിരോധന നിയമത്തിലൂടെ ഉത്തർപ്രദേശിനെ വിദ്വേഷ രാഷ്ട്രീയത്തിന്‍റെയും മതഭ്രാന്തിന്‍റെയും പ്രഭവ കേന്ദ്രമാക്കി മാറ്റിയെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ 104 പ്രമുഖ മുൻ.എ.എസ് ഓഫിസർമാർ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി. മുൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശിവശങ്കർ മേനോൻ, മുൻ വിദേശ സെക്രട്ടറി നിരുപമ റാവു, പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവ് ടി.കെ.എ. നായർ തുടങ്ങിയവർ കത്തിൽ ഒപ്പുവെച്ചു.
മതപരിവർത്തന നിരോധന നിയമം പിൻവലിക്കാൻ തയാറാകണമെന്നാണ് കത്തിലെ ആവശ്യം. അധികാരമേൽക്കുേമ്പാൾ ഉയർത്തിപ്പിടിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്ന ഭരണഘടന പഠിക്കാൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള രാഷ്ട്രീയക്കാർ തയാറാകണമെന്നും കത്തിൽ പറയുന്നു. സംസ്ഥാനത്ത് ലവ് ജിഹാദ് തടയുകയെന്ന പേരിലാണ് യു.പി സർക്കാർ നിയമം കൊണ്ടുവന്നത്. മുസ്ലിം യുവാക്കെള ലക്ഷ്യം വെച്ചുള്ളതാണ് നിയമമെന്ന് ആക്ഷേപം ഉയർന്നിരുന്നു. നിയമം നടപ്പാക്കി രണ്ടുമാസത്തിനുള്ളിൽ നിരവധി മുസ്ലിം യുവാക്കളെ നിയമത്തിന്‍റെ പേരിൽ ജയിലിലാക്കുകയും ചെയ്തിരുന്നു.
'ഗംഗ -യമുന സംസ്കാരത്തിന്റെ ഭാഗമായാണ് ഒരുകാലത്ത് ഉത്തർപ്രദേശ് അറിയപ്പെട്ടിരുന്നത്. ഇപ്പോൾ വിദ്വേഷ രാഷ്ട്രീയത്തിന്‍റെയും മതഭ്രാന്തിന്‍റെയും പ്രഭവ കേന്ദ്രമായി യു.പി മാറി. ഭരണഘടന സ്ഥാപനങ്ങൾ വർഗീയ വിഷത്തിൽ മുങ്ങി. യു.പിയിൽ യുവജനങ്ങളായ ഇന്ത്യക്കാർക്ക് നേരെ ക്രൂര അതിക്രമ പരമ്പരകളും അരങ്ങേറി. ഒരു സ്വതന്ത്ര രാജ്യത്ത് സ്വതന്ത്ര പൗരനാകാൻ ആഗ്രഹിക്കുന്നവരാണ് ഇന്ത്യക്കാർ' -കത്തിൽ പറയുന്നു.
ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങെളക്കുറിച്ചും മുതിർന്ന ഉദ്യോഗസ്ഥർ കത്തിൽ ചൂണ്ടിക്കാട്ടി. ബജ്രംഗ്ദൾ പ്രവർത്തകർ രണ്ടു മുസ്ലിം യുവാക്കളെ മർദ്ദിക്കുകയും പൊലീസ് സ്റ്റേഷനിലെത്തിച്ചശേഷം ഒരാൾ ഹിന്ദുപെൺകുട്ടിയെ വിവാഹത്തിന് നിർബന്ധിച്ചുവെന്ന് ചൂണ്ടിക്കാട്ടി രണ്ടുപേരെയും അറസ്റ്റ് ചെയ്ത നടപടിയും കത്തിൽ സൂചിപ്പിക്കുന്നു. ബജ്രംഗ്ദളിന്റെ നടപടിയെ ചോദ്യം ചെയ്യാതെ, മൗനം പാലിച്ച യു.പി പൊലീസ് നടപടി മാപ്പ് അർഹിക്കാത്ത തെറ്റാണെന്നും കത്തിൽ പറയുന്നു.
യു.പി സർക്കാർ മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കിയ ശേഷം മുസ്ലിം പൗരൻമാർക്കെതിരെ അന്യായമായി ചുമത്തിയ കേസുകളും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. മുതിർന്നവരും പ്രായപൂർത്തിയായവരുമായ സ്ത്രീകൾക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനും തീരുമാനങ്ങളെടുക്കാനും അവകാശങ്ങളുണ്ടെന്ന അലഹാബാദ് ഹൈകോടതി ഉത്തരവും മിശ്രവിവാഹിതരെ ഒരുമിച്ച് ജീവിക്കാൻ അനുവദിച്ചതും കത്തിൽ പരാമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.