ബുലന്ദേശ്വർ: ഉത്തർപ്രദേശിൽ ആറുദിവസം മുമ്പ് കാണാതായ 12കാരിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ. മറ്റൊരു വീടിന് സമീപത്തുനിന്നാണ് മൃതദേഹം കിട്ടിയത്. യു.പിയിലെ ബുലന്ദേശ്വറിലാണ് സംഭവം.
പിതാവും മകനും മാത്രം താമസിക്കുന്ന വീടിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. പിതാവിനെ െപാലീസ് കസ്റ്റഡിയിലെടുത്തു. 22 കാരനായ മകൻ ഹരേന്ദ്ര സംഭവ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടിരുന്നു. മുഖ്യപ്രതി ഇയാളാണെന്നാണ് പൊലീസ് നിഗമനം.
ഫെബ്രുവരി 25ന് വീട്ടുകാർക്കൊപ്പം വയലിൽ പണിയെടുക്കുന്നതിനിടെ ദാഹിച്ചപ്പോൾ വീട്ടിൽ വെള്ളമെടുക്കാൻ പോയതായിരുന്നു. തുടർന്ന് പെൺകുട്ടിയെ കാണാതാകുകയായിരുന്നു. ഫെബ്രുവരി 28നാണ് കുടുംബം പൊലീസിൽ പരാതി നൽകുന്നത്. മൃതദേഹം കണ്ടെടുത്ത വീടിന് നൂറുമീറ്റർ അകലെയാണ് പെൺകുട്ടിയുടെ മാതാവും രണ്ടു സഹോദരിമാരും പണിെയടുത്തിരുന്നത്.
'അവൾ വീട്ടിലേക്ക് വെള്ളം കുടിക്കാൻ പോയി. പിന്നീട് തിരിച്ചുവന്നില്ല. അവളുടെ സഹോദരിമാർ അന്വേഷിച്ച് പോയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. വെള്ളം കുടിച്ചശേഷം തിരികെ വയലിലെത്തി പണി തുടർന്നുവെന്നാണ് കരുതിയത്. എന്നാൽ വീട്ടിലും വയലിലും പെൺകുട്ടിയെ കാണാതായതോടെ തിരച്ചിൽ തുടരുകയായിരുന്നു' -ബുലന്ദേശ്വർ പൊലീസ് മേധാവി സേന്താഷ് കുമാർ സിങ് പറഞ്ഞു.
പെൺകുട്ടിയെ തിരയുന്നതിനിടെ ഇതേ സ്ഥലത്ത് മദ്യലഹരിയിലായിരുന്ന ഒരാളെ കണ്ടിരുന്നു. എന്നാൽ പെൺകുട്ടിയെ അവിടെനിന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. ഫെബ്രുവരി 28ന് പരാതി നൽകുന്നതിന് മുമ്പ് രണ്ടുമൂന്നുദിവസം കുട്ടിക്കായി കുടുംബം തിരച്ചിൽ നടത്തിയതായും പൊലീസ് പറഞ്ഞു.
പിന്നീട്, പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിൽ പ്രതികളുടെ വീടിന് സമീപം മണ്ണിളകിയത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. മണ്ണുമാറ്റി നോക്കിയപ്പോൾ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പൊലീസ് വയലിലും വീട്ടിലുമെല്ലാം പരിശോധന നടത്തിയിരുന്നു. പെൺകുട്ടിയെ കാണാതായി രണ്ടു ദിവസത്തിനുശേഷം പൊലീസിൽ പരാതി നൽകിയതിൽ ദുരൂഹതയുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
കൊലപാതകമാണെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. പെൺകുട്ടി ബലാത്സംഗത്തിന് വിധേയയായിട്ടുണ്ടോയെന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷമേ വ്യക്തമാകൂ. മൃതദേഹം പോസ്റ്റുമോർട്ടം പരിശോധനക്ക് അയച്ചതായും പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ല മജിസ്ട്രേറ്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.