ലഖ്നൗ: ഡോ.കഫീൽ ഖാനെ വിട്ടയച്ച അലഹാബാദ് ഹൈകോടതി വിധിക്കെതിരെ യോഗി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ദേശീയ സുരക്ഷാ നിയമപ്രകാരം യു.പി സർക്കാർ ജയിലിലാക്കിയ ഡോ.കഫീൽ ഖാൻ കുറ്റക്കാരനല്ലെന്ന് കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് അലഹബാദ് ഹൈകോടതി ഉത്തരവിട്ടിരുന്നു.
പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ പ്രകോപനപരമായി സംസാരിച്ചെന്നായിരുന്നു കഫീൽഖാനെതിരെ യു.പി സർക്കാർ ചുമത്തിയ കുറ്റം. 'അദ്ദേഹത്തിനെതിരേ ചുമത്തിയ കുറ്റങ്ങളില്‍ തെളിവില്ല, പ്രസംഗത്തിൽ ദേശവിരുദ്ധതയില്ല. തടവിലാക്കിയത് നിയമവിരുദ്ധമാണ്. അദ്ദേഹത്തിനെതിരെ ആരോപിച്ച കുറ്റങ്ങള്‍ നിലനില്‍ക്കാത്തതും കേസുകള്‍ അനാവശ്യവുമാണ്' -വിധിയിൽ ഹൈകോടതി അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ പലതവണ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട വ്യക്തിയാണ് കഫീൽഖാനെന്നും ഇതിന്‍റെ തുടർച്ചയായി അച്ചടക്കനടപടിയും ആരോഗ്യസേവനരംഗത്ത് നിന്ന് പുറത്താക്കപ്പെടുകയും അടക്കമുള്ള നടപടികള്‍ നേരിട്ടിട്ടുണ്ടെന്നും യു.പി സർക്കാർ ഹര്‍ജിയില്‍ പറയുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ 2019 ഡിസംബര്‍ 13ന് അലീഗഢ് മുസ്ലിം സര്‍വകലാശാലയില്‍ കഫീല്‍ ഖാന് നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടിയായിരുന്നു യോഗി സർക്കാറിന്‍റെ നടപടി. പ്രസംഗത്തിെൻറ പേരില്‍ കഫീലിനെതിരെ കുറ്റം ചുമത്തിയ ജില്ല മജിസ്ട്രേറ്റിനെ ഹൈകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 14നാണ് കഫീല്‍ ഖാന് മേല്‍ ദേശസുരക്ഷാ നിയമം ചുമത്തിയത്.
അതേസമയം യോഗി സർക്കാർ ഏർപ്പെടുത്തിയ സസ്പെൻഷൻ പിൻവലിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാരുടെ സംഘടനകളോട് ഡോ. കഫീൽ ഖാൻ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (െഎ.എം.എ), ഇന്ത്യൻ അക്കാദമി ഒാഫ് പീഡിയാട്രിക് (െഎ.എ.പി), നാഷണൽ നിയോനാറ്റോളജി ഫോറം (എൻ.എൻ.എഫ്), പി.എം.എസ്.എഫ്, എം.എസ്.സി എന്നീ സംഘടനകൾക്ക് കഫീൽ ഖാൻ കത്തെഴുതിയിരുന്നു.
കോവിഡ് പ്രതിസന്ധിയിൽ ഉലയുന്ന ഇൗ സാഹചര്യത്തിൽ കൊറോണക്കെതിരെ പോരാടാൻ മുൻ നിരയിൽനിന്ന് പ്രവർത്തിക്കുന്നതിനായി സസ്പെൻഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് 25ലധികം കത്തുകൾ അധികൃതർക്ക് എഴുതിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാൽ, അപേക്ഷ ലഭിച്ചിട്ടും, യോഗി സർക്കാർ സസ്പെൻഷൻ പിൻവലിക്കുകയോ ജോലിയിൽനിന്ന് പിരിച്ചുവിടുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.