ന്യൂഡൽഹി: സാമൂഹിക പ്രവർത്തകനായ ശിശുരോഗ വിദഗ്ധൻ ഡോ. കഫീൽ ഖാനെതിരായ രണ്ടാമത്തെ സസ്പെൻഷൻ ഉത്തരവ് അലഹബാദ് ഹൈകോടതി സ്റ്റേ ചെയ്തു. നാലാഴ്ചക്കകം യു.പി സർക്കാറിനോട് മറുപടി നൽകാൻ ആവശ്യപ്പെട്ട ഹൈകോടതി കഫീൽ ഖാൻ സമർപ്പിച്ച ഹരജി നവംബർ 11ലേക്ക് മാറ്റി. ഒരു സസ്പെൻഷൻ ഉത്തരവ് നിലവിലിരിക്കേ മറ്റൊന്നിെൻറ ആവശ്യമില്ലെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി.
ബഹ്റൈച്ച് ജില്ല ആശുപത്രിയിൽ ബലംപ്രയോഗിച്ച് രോഗികളെ പരിശോധിച്ചെന്നും യോഗി സർക്കാറിെൻറ നയങ്ങളെ വിമർശിച്ചെന്നും ആേരാപിച്ച് ഇറക്കിയ സസ്പെൻഷൻ ഉത്തരവാണ് ഹൈകോടതി സ്റ്റേ ചെയ്തത്.
2017ൽ ഗോരഖ്പുർ മെഡിക്കൽ കോളജിലെ കൂട്ട ശിശുഹത്യക്ക് കാരണം ഒാക്സിജൻ ലഭ്യമല്ലാത്തതാണെന്ന് വെളിപ്പെടുത്തിയതിനായിരുന്നു കഫീൽ ഖാെൻറ ആദ്യ സസ്പെൻഷൻ.
ഗൊരഖ്പുർ ബി.ആർ.ഡി മെഡിക്കൽ കോളജിലെ ശിശുമരണവുമായി ബന്ധപ്പെട്ട് ഡോ. കഫീൽ ഖാനെതിരെ ആരംഭിച്ച പുന:രന്വേഷണം പിൻവലിച്ചതായി കഴിഞ്ഞ മാസം യു.പി സർക്കാർ അലഹബാദ് ഹൈകോടതിയെ അറിയിച്ചിരുന്നു. സംഭവത്തിൽ കഫീൽ ഖാനെ അറസ്റ്റ് ചെയ്ത് തടവിലാക്കിയിരുന്നെങ്കിലും പിന്നീട് കുറ്റമുക്തനാക്കിയിരുന്നു. കുറ്റമുക്തനാക്കി റിപ്പോർട്ട് സമർപ്പിച്ച് 11 മാസത്തിന് ശേഷമാണ് അച്ചടക്കസമിതി വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടത്. കഫീൽ ഖാനെ നാല് വർഷത്തിലേറെയായി സസ്പെൻഡ് ചെയ്തതിനെ എങ്ങിനെ ന്യായീകരിക്കുമെന്ന് ജൂലൈ 29ന് അലഹബാദ് ഹൈകോടതി ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുന:രന്വേഷണം പിൻവലിച്ചതായി യു.പി സർക്കാർ കോടതിയെ അറിയിച്ചത്.
2017ലാണ് ഗൊരഖ്പുർ ബി.ആർ.ഡി മെഡിക്കൽ കോളജിൽ ഓക്സിജൻ ലഭിക്കാതെ 63 കുഞ്ഞുങ്ങൾ മരിച്ചത്. ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനായ ഡോ. കഫീൽ ഖാനെ ഇതിന് പിന്നാലെ സസ്പെൻഡ് ചെയ്യുകയും അഴിമതിയും അനാസ്ഥയും ആരോപിച്ച് ഒമ്പത് മാസം ജയിലിൽ അടക്കുകയും ചെയ്തിരുന്നു.
എന്നാൽ, 2019 സെപ്റ്റംബറിൽ കഫീൽ ഖാനെ കുറ്റമുക്തനാക്കി പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ കഫീൽ ഖാൻ നടത്തിയ ശ്രമങ്ങളെ റിപ്പോർട്ടിൽ പ്രകീർത്തിക്കുകയും ചെയ്തിരുന്നു. സ്വന്തം കൈയിൽ നിന്നുവരെ പണം ചെലവിട്ട് ഓക്സിജൻ സിലിണ്ടർ എത്തിച്ച് കുഞ്ഞുങ്ങളെ രക്ഷിക്കാനാണ് താൻ ശ്രമിച്ചതെന്ന് കഫീൽ ഖാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.