ലഖ്നോ: ലവ് ജിഹാദ് ആരോപിച്ച് ജ്യേഷ്ഠനെയും അനുജനെയും മുറാദാബാദ് പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ പട്ടിണിയിലായത് ഒമ്പതംഗ കുടുംബം. മാതാവും പിതാവും അടങ്ങുന്ന ഒമ്പതംഗ കുടുംബത്തിെൻറ ഏക ആശ്രയമായിരുന്ന 21കാരനെയും സഹോദരനെയുമാണ് കഴിഞ്ഞയാഴ്ച ബജ്റംഗ്ദൾ പ്രവർത്തകർ തടഞ്ഞുവെക്കുകയും പൊലീസിലേൽപിക്കുകയും ചെയ്തത്. യു.പി സർക്കാർ ഈയിടെ പാസാക്കിയ മതപരിവർത്തന നിരോധന നിയമമനുസരിച്ചായിരുന്നു അറസ്റ്റ്.
കുടുംബത്തിെൻറ മൂത്ത അംഗമായ 21കാരൻ നാലു മാസം മുമ്പാണ് ഇതരമതത്തിൽപെട്ട യുവതിയെ നിക്കാഹ് ചെയ്യുന്നത്. സ്വന്തം ഇഷ്ടപ്രകാരമാണ് യുവതി മതം മാറിയതെന്ന് ഭർതൃമാതാവ് പറഞ്ഞു. ഈ മാസം അഞ്ചിന് വിവാഹം രജിസ്റ്റർ ചെയ്യാൻ പോകവെ ഒരുപറ്റം ബജ്റംഗ്ദൾ പ്രവർത്തകർ ദമ്പതികളെ തടഞ്ഞുനിർത്തുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. താൻ സ്വന്തം ഇഷ്ടപ്രകാരം മതം മാറിയതാണെന്ന് പറഞ്ഞിട്ടും ബജ്റംഗ്ദളുകാർ വിട്ടില്ല. യുവതി ഗർഭിണിയുമായിരുന്നു. തുടർന്ന് സംഘം വിളിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് 21കാരനെയും സഹോദരനെയും അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. യുവതിയെ ആശുപത്രിയിലേക്കും മാറ്റി.
മക്കളുടെ മോചനത്തിനായി അഭിഭാഷകനെ ഏൽപിക്കാനോ കേസ് നടത്താനോ ഇൗ നിർധന കുടുംബത്തിന് വകയില്ല. അയൽവാസികൾ നൽകുന്ന സഹായത്താലാണ് കുടുംബം ഇപ്പോൾ കഴിഞ്ഞുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.