ന്യൂഡൽഹി: ആൾമാറാട്ടവും തെറ്റിദ്ധരിപ്പിക്കലും നടത്തി വിവാഹിതനാകാൻ ശ്രമിച്ചയാളെ വിവഹത്തലേന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഹസീൻ സെയ്ഫി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ആശിഷ് താക്കൂർ എന്ന പേരിൽ പെൺകുട്ടിയെ പരിചയപ്പെടുകയും വിവാഹം ഉറപ്പിക്കുകയുമായിരുന്നു. തിങ്കളാഴ്ചയാണ് വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാൽ ഞായറാഴ്ച ഇയാളെ കുറിച്ചുള്ള യഥാർഥ വിവരങ്ങൾ പുറത്താവുകയും അറസ്റ്റിലാവുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പെൺകുട്ടിയുടെ പരാതിയിൽ നിർബന്ധിത മതംമാറ്റം, ബലാത്സംഗം, കബളിപ്പിക്കൽ തുടങ്ങിയ കുറ്റത്തിന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഗ്രേറ്റർ നോയിഡയിലെ ദാദ്രിയിൽ കഴിയവെയാണ് പെൺകുട്ടിയും യുവാവും പരിചയപ്പെടുന്നത്. പെൺകുട്ടിക്ക് ജോലി നഷ്ടമായപ്പോൾ ഇയാൾ സഹായവുമായി അടുത്തുകൂടുകയും പെൺകുട്ടിയുമായി അടുപ്പമുണ്ടാക്കി വാടക ഫ്ലാറ്റിലേക്ക് പെൺകുട്ടിയെയും കൊണ്ട് മാറിത്താമസിക്കുകയും ചെയ്തു. ഇവർ ശാരീരിക ബന്ധം പുലർത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ അശ്ലീല വിഡിയോകൾ പകർത്തിയ പ്രതി വിവാഹത്തിന് നിർബന്ധിക്കുകയും ചെയ്തു.
എന്നാൽ വിവാഹത്തലേന്നാണ് പറ്റിക്കപ്പെട്ട വിവരം യുവതി അറിയുന്നത്. യുവാവിന്റെ പിതാവ് ശക്കീൽ സെയ്ഫി മകനെ അന്വേഷിച്ച് ഫ്ലാറ്റിലെത്തിയതോടെയാണ് കഥമാറുന്നത്. യുവാവും യുവതിയും വീട്ടിലുണ്ടായിരുന്നില്ല. അയൽക്കാർ ഫ്ലാറ്റിൽ താമസിക്കുന്നത് ആശിഷ് എന്നയാളാണെന്ന് ശക്കീലിനെ അറിയിച്ചു.അത് ആശിഷ് അല്ലെന്നും തന്റെ മകൻ ഹസീനാണെന്നും പിതാവ് വ്യക്തമാക്കി. ഈ വിവരമറിഞ്ഞ യുവതി വിവാഹത്തിൽ നിന്ന് പിൻമാറുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയെ തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.