ന്യൂഡൽഹി: ഉത്തർപ്രദേശിൽ ഒരുസീറ്റ് പോലും നേടാൻ കഴിയാതെ ദയനീയ പരാജയമേറ്റ മായാവതിയുടെ ബി.എസ്.പി, ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിച്ച് എൻ.ഡി.എക്ക് പിടിച്ചുകൊടുത്തത് 16 ലോക്സഭാ മണ്ഡലങ്ങൾ. എൻ.ഡി.എക്ക് കിട്ടിയ ഈ 16ൽ 14ഉം ബി.ജെ.പി നേടിയപ്പോൾ ഒന്ന് ജയന്ത് ചൗധരിയുടെ രാഷ്ട്രീയ ലോക്ദളിനും മറ്റൊന്ന് അനുപ്രിയ പട്ടേലിന്റെ അപ്നാ ദളിനും ലഭിച്ചു. അക്ബർപുർ, അലീഗഢ്, അംറോഹ, ബൻസ്ഗാവ്, ബദോഹി, ബിജ്നോർ, ദേവ്റിയ, ഫാറൂഖാബാദ്, ഫത്തേപുർ സിക്രി, ഹർദോയ്, മീററ്റ്, മിർസാപുർ, മിസ്രിഖ്, ഫൂൽപുർ, ഷാജഹാൻപുർ, ഉന്നാവോ മണ്ഡലങ്ങളാണ് ബി.എസ്.പി സ്ഥാനാർഥി പിടിച്ച, ബി.ജെ.പി വിരുദ്ധ വോട്ടുകൾ കാരണം എൻ.ഡി.എയുടെ കൈകളിലെത്തിയത്.
കേന്ദ്ര ഏജൻസികളുടെ ഭീഷണിത്തലപ്പിൽ നിൽക്കുന്ന മായാവതി ബി.ജെ.പിക്കുവേണ്ടി വോട്ടുകൾ ഭിന്നിപ്പിക്കാനാണ് കളിച്ചതെന്ന ഇൻഡ്യ സഖ്യത്തിന്റെ വാദം ശരിവെക്കുന്നതാണ് ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് ഫലം. ഇത് സംഭവിച്ചില്ലായിരുന്നുവെങ്കിൽ ഉത്തർപ്രദേശ് ഇൻഡ്യ സഖ്യം തൂത്തുവാരി, ബി.ജെ.പി കടപുഴകുകയും ചെയ്തേനെ. എൻ.ഡി.എയുടെ ആകെ സീറ്റുകൾ 278ലേക്കും ബി.ജെ.പിയുടേത് 226ലേക്കും ചുരുങ്ങുകയും ചെയ്യുമായിരുന്നു.
മറുഭാഗത്ത് എസ്.പിക്ക് 11ഉം കോൺഗ്രസിന് നാലും തൃണമൂൽ കോൺഗ്രസിന് ഒന്നും സീറ്റുകൾ കൂടി ലഭിച്ച് ഇൻഡ്യ മുന്നണിയുടെ സീറ്റുകൾ 250ലെത്തുമായിരുന്നു. കാരണം ബി.എസ്.പിക്ക് വീണിരുന്ന ദലിത് വോട്ടുകൾ പോലും ഇൻഡ്യ സഖ്യത്തിനാണ് ലഭിച്ചിരുന്നത്.
എൻ.ഡി.എ ഘടകകക്ഷിയായ അപ്നാ ദൾ നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ അനുപ്രിയ പട്ടേൽ മിർസാപുരിൽ തോൽവി ഉറപ്പിച്ചിടത്താണ് ജയിച്ചുകയറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.