ലഖ്നോ: ഡോ.കഫീൽ ഖാനെ ഉത്തർപ്രദേശിലെ എം.എൽ.സി സ്ഥാനാർഥിയാക്കി സമാജ്‍വാദി പാർട്ടി . എസ്.പി നാഷണൽ സെക്രട്ടറി രാജേന്ദ്ര ചൗധരിയാണ് കഫീൽ ഖാന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. ദെവാരിയ-കുശിനകർ സീറ്റിൽ നിന്നാണ് ഇദ്ദേഹം മത്സരിക്കുക. 2016ൽ എസ്.പിയുടെ രാമവധ് യാദവ് മത്സരിച്ച സീറ്റാണിത്.
ലജിസ്ലേറ്റീവ് കൗൺസിലിലെ 36 സീറ്റുകളിലേക്ക് ഏപ്രിൽ ഒമ്പതിനാണ് വോട്ടെടുപ്പ് നടക്കുന്നത്. 12നാണ് വോട്ടെണ്ണൽ. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കഫീൽ ഖാൻ എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്കിടെ തന്റെ പുസ്തകം 'ദ ഖൊരക്പൂർ ഹോസ്പിറ്റൽ ട്രാജഡി' അഖിലേഷിന് സമ്മാനിക്കുകയും ചെയ്തു.
2017 ആഗസ്തിൽ ഖൊരക്പൂരിലെ ബി.ആർ.ഡി മെഡിക്കൽ കോളജിൽ ഓക്സിജൻ കിട്ടാതെ 63 കുട്ടികൾ മരിച്ച സംഭവത്തോടെയാണ് കഫീൽ ഖാൻ രാജ്യശ്രദ്ധയാകർഷിക്കുന്നത്. സംഭവത്തിൽ യു.പി സർക്കാറിന്റെ വീഴ്ചകൾ കഫീൽ ഖാൻ ചുണ്ടിക്കാട്ടിയിരുന്നു. എന്നാൽ, പിന്നീട് കഫീൽ ഖാനെ യു.പി സർക്കാർ സർവീസിൽ നിന്നും പിരിച്ചു വിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.