ലഖിംപുർ ഖേരി കർഷക കൊല സംഭവം യു.പി പൊലീസ്​ പുനരാവിഷ്​കരിച്ചപ്പോൾ

ലഖിംപുർ ഖേരി കർഷക കൊല: ആശിഷ്​ മിശ്രയെ സ്​ഥലത്തെത്തിച്ച്​ സംഭവം പുനരാവിഷ്​കരിച്ച്​ പൊലീസ്​

ലഖ്നോ: ലഖിംപുർ ഖേരിയിൽ കർഷക റാലിക്ക്​ ഇടയിലേക്ക്​ വാഹനം ഓടിച്ചുകയറ്റിയ സംഭവം പുനരാവിഷ്​കരിച്ച്​ ഉത്തർപ്രദേശ്​ പൊലീസ്​. തെളിവെടുപ്പിന്‍റെ ഭാഗമായിട്ടാണ്​​ കേസിൽ പ്രതിചേർക്കപ്പെട്ട കേ​ന്ദ്രമന്ത്രി അജയ്​ മിശ്രയുടെ മകൻ ആശിഷ്​ മിശ്രയെ സ്​ഥലത്തെത്തിച്ച് നാല്​ കർഷകരും ഒരു മാധ്യമപ്രവർത്തകനും കൊല്ലപ്പെട്ട സംഭവം പൊലീസ്​ പുനരാവിഷ്​കരിച്ചത്​. പൊലീസ്​ വാഹനവും കർഷകരുടെ ഡമ്മികളും ഉപയോഗിച്ചായിരുന്നു ഇത്​. ആശിഷിനെയും സുഹൃത്ത്​ അങ്കിത്​ ദാസിനെയും ഇതിനായി പൊലീസ്​ സംഭവസ്​ഥലത്തെത്തിച്ചു. അതിവേഗത്തിലെത്തുന്ന പൊലീസ്​ ജീപ്പ്​ ഡമ്മികളിലേക്ക്​ ഇടിച്ചുകയറ്റുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്​.

സംഭവം നടന്ന സ്​ഥലം പൊലീസ്​ ടേപ്പ്​ ഉപയോഗിച്ച്​ വേർതിരിച്ചിട്ടുണ്ട്​. ഇപ്പോൾ അവിടേക്ക്​ ആരെയും കയറ്റിവിടുന്നില്ല. എന്നാൽ, സംഭവം നടന്നയുടൻ ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്താതെ എല്ലാവരെയും അവിടേക്ക്​ കയറാൻ അനുവദിച്ച്​ പൊലീസ്​ തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയായിരുന്നെന്ന ആരോപണം ശക്​തമാണ്​. കഴിഞ്ഞയാഴ്ചയാണ്​ ആശിഷ്​ മിശ്രയെ പൊലീസ്​ അറസ്റ്റ്​ ചെയ്​തത്​. എഫ്​.ഐ.ആറിൽ പേര്​ ഉണ്ടായിട്ടും ഏഴ്​ ദിവസത്തോളം സ്വതന്ത്രനായി നടന്ന ആശിഷിനെ വ്യാപക പ്രത​ിഷേധത്തെ തുടർന്നാണ്​ പൊലീസ്​ പിടികൂടിയത്​. ആശിഷിന്‍റെ അറസ്റ്റ്​ വൈകുന്നതിനെ സുപ്രീംകോടതിയും ചോദ്യം ചെയ്​തിരുന്നു. ആശിഷ്​ മിശ്രയുടെ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിൽ ഒരാഴ്ച കൂടി ചോദ്യം ചെയ്യലിനായി കസ്റ്റഡി നീട്ടണമെന്ന്​ കോടതിയിൽ ആവശ്യപ്പെടാനിരിക്കുകയാണ്​ പൊലീസ്​.

ചോദ്യം ചെയ്യലുമായി ആശിഷ് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്​. സംഭവം നടക്കുന്ന സമയത്ത്​ താൻ സംഭവസ്​ഥലത്തുനിന്ന്​ രണ്ട്​ കിലോമീറ്റർ അകലെയുള്ള ജന്മഗ്രാമത്തിലായിരുന്നു എന്ന മൊഴി ആശിഷ് ആവർത്തിക്കുകയാണ്​. 11 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് ആശിഷിനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. 

Tags:    
News Summary - UP police recreates crime scene of farmers' killing in Lakhimpur Kheri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.