കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് യു.പിയിൽ വിചിത്രമായൊരു അറസ്റ്റ് നടകം അരങ്ങേറിയത്. അറസ്റ്റിലായത് മുഹമ്മദ് ഉമർ ഗൗതം എന്ന മുസ്‌ലിം പണ്ഡിതനും അദ്ദേഹത്തിെൻറ സഹായിയായ ഖാസി ജഹാങ്കീർ ഖാസ്മിയുമായിരുന്നു. അറസ്റ്റ് ചെയ്തതാകെട്ട ഉത്തർപ്രദേശ് എ.ടി.എസ് എന്ന ആൻറി ടെററിസം സ്ക്വാഡും. അറസ്റ്റിന് പിന്നാലെ നിരവധി വിവരങ്ങൾ പൊലീസ് പുറത്തുവിട്ടു. പിടിയിലായത് അന്താരാഷ്ട്ര മതപരിവർത്തന സ്ക്വാഡിലെ അംഗങ്ങളാണെന്നും ഇവർ ആയിരത്തിലധകംപേരെ മതപരിവർത്തനം നടത്തി ഭീകരസംഘങ്ങളിലേക്ക് അയച്ചെന്നും പാകിസ്ഥാെൻറ ചാര സംഘടനയായ െഎ.എസ്.െഎ ആണ് ഇവരെ ഫണ്ട് ചെയ്യുന്നതെന്നും തുടങ്ങി സ്തോഭജനകമായ വിവരങ്ങളാണ് നിലവിൽ സംഘ് അനൂകൂല മാധ്യമങ്ങൾ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. മതപരിവർത്തന നിരോധന നിയമംവഴിയായിരുന്നു ഉമർ ഗൗതത്തേയും സഹായിയേയും അറസ്റ്റ് ചെയ്തത്.
യഥാർഥത്തിൽ നടന്നത്
കാശിഫ്, റംസാൻ എന്നിങ്ങനെ രണ്ടുപേർ ഇസ്ലാമിനെകുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റാൻ യു.പിയിലെ വിദ്വേഷ പ്രചാരകനായ യതി നരസിംഹാനന്ദ സരസ്വതിയെ കണ്ടതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. തന്നെ ആക്രമിക്കാൻ രണ്ടുപേർ വന്നെന്ന് ആരോപിച്ച് നരസിംഹാനന്ദ പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസ് എത്തി ഇരുവരേയും കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. അപ്പോഴാണ് ഇവർ മതംമാറ്റത്തിന് വിധേയരായവരാണെന്ന് പൊലീസ് മനസിലാക്കുന്നത്. തുടർന്ന് ഇതേപറ്റിയുള്ള അന്വേഷണങ്ങളായി. രേഖകൾ ശരിയാക്കിതന്നതാരാണെന്ന ചോദ്യത്തിന് മുഹമ്മദ് ഉമർ ഗൗതം എന്നായിരുന്നു ഇവരുടെ മറുപടി. ജൂൺ മൂന്നിനായിരുന്നു ഇൗ സംഭവം. തുടർന്ന് പൊലീസ് ഉമറിെൻറ പിന്നാലെ കൂടുകയായിരുന്നു.
പൊലീസ് വിവിധ രേഖകൾ ആവശ്യെപ്പട്ടതിനെതുടർന്ന് ഗാസിയാബാദ് പൊലീസിന് മുമ്പാകെ ഉമർ ഗൗതം ഹാജരായി. ഇൗ കൂടിക്കാഴ്ച്ചയിൽ പൊലീസ് ആവശ്യപ്പെട്ട എല്ലാ രേഖകളും അദ്ദേഹം കൈമാറി. ജൂൺ 19ന് വീണ്ടും വരണമെന്ന് അദ്ദേഹത്തോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. 19ന് ഗാസിയാബാദ് പൊലീസ് സ്റ്റേഷനിൽ എത്തിയ ഉമറിനെ അകത്തുവിളിച്ച് ചോദ്യംചെയ്ത പൊലീസ് വൈകുംവരെ അദ്ദേഹെത്ത വിട്ടില്ല. പിന്നീട് സുഹൃത്തുക്കൾ തിരക്കിയപ്പോഴാണ് അദ്ദേഹത്തെ ലഖ്നോവിലേക്ക് കൊണ്ടുപോയി അറസ്റ്റ് ചെയ്തതായ വിവരം ലഭിച്ചത്.
ആരാണീ ഉമർഗൗതം
മുഹമ്മദ് ഉമർ ഗൗതം എന്ന പ്രബോധകനും പണ്ഡിതനും ജനിക്കുന്നത് ഒറ്റ ദിവസംകൊണ്ടല്ല. അദ്ദേഹം തെൻറ പ്രവർത്തനങ്ങൾ നടത്തിയിരുന്നത് രഹസ്യമായോ ഇരുട്ടിെൻറ മറവിലോ ആയിരുന്നില്ല. മലയാളികൾ ഉൾപ്പടെയുള്ള പ്രബോധക സമൂഹത്തിന് അടുത്ത ബന്ധമുള്ളയാളാണ് ഉമർ ഗൗതം. ഡൽഹിയി ജാമിഅ നഗറിലെ ബട്ലഹൗസിൽ ഇസ്ലാമിക് ദഅ്വാ സെൻറർ എന്ന സ്ഥാപനം നടത്തുന്നയാളാണ് അദ്ദേഹം. പുതുതായി ഇസ്‌ലാം സ്വീകരിക്കുന്നവരുടെ രേഖകളും സാക്ഷ്യപത്രങ്ങളും ശരിയാക്കാൻ സഹായിച്ചുകൊണ്ട് നിയമപരമായും പകൽവെളിച്ചത്തിലും പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. ഇങ്ങിനെ ഒരാളെയാണ് ഒരുസുപ്രഭാതത്തിൽ കള്ളക്കേസിൽ കുടുക്കി പൊലീസ് പിടികൂടുന്നത്. എന്നാൽ മുഹമ്മദ് ഉമർ ഗൗതം എന്ന ശ്യാം പ്രസാദ് സിങ് ഗൗതമിന് പരിവർത്തനത്തിെൻറ ആർദ്രമായൊരു കഥ പറയാനുണ്ടെന്നതാണ് സംഘ് റഡാറിൽ അദ്ദേഹം പെടാനുള്ള യഥാർഥ കാരണം.
ശ്യാം പ്രസാദ് സിങ് ഗൗതമിെൻറ അന്വേഷണങ്ങൾ
ഉത്തർപ്രദേശിലെ ഫത്തേപൂർ നഗരത്തിൽ രജപുത്ര കുടുംബത്തിൽ 1964 ലായിരുന്നു ശ്യാം പ്രസാദ് സിങ് ഗൗതമിെൻറ ജനനം. 1989-91 കാലഘട്ടത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന വി പി സിങ്ങിെൻറ അനന്തരവനായിരുന്നു ഇദ്ദേഹം. കൗമാരകാലംമുതൽ വിശ്വാസപരമായ സംശയങ്ങൾ അലട്ടിയിരുന്ന ഗൗതമിെൻറ ജീവിതം അന്നുമുതൽ അന്വേഷണപരമായിരുന്നു. അദ്ദേഹംതന്നെ തെൻറ അനുഭവങ്ങൾ നിരവധി വേദികളിൽ തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. വിഗ്രഹാരാധനയും പുനർജന്മവും ഉൾപ്പടെയുള്ള സങ്കൽപ്പങ്ങൾ തന്നിൽ നിരവധി ചോദ്യങ്ങൾ ഉണർത്തിയിരുന്നതായി അദ്ദേഹം പറയുന്നു. ജീവിതത്തിെൻറ ഉദ്ദേശവും ലക്ഷ്യവും എന്ത് എന്നത് ഗൗതമിെൻറ ആലോചനകളിൽ എന്നും ഉണ്ടായിരുന്നു. ഇതേപറ്റി നടത്തിയ അന്വേഷണങ്ങൾക്ക് തൃപ്തികരമായ മറുപടി അദ്ദേഹത്തിന് പണ്ഡിതന്മാരിൽ നിന്ന് ലഭിച്ചില്ല.
പ്രതാപ്ഗഡിലെ സർവകലാശാലയിൽ പഠിക്കുമ്പോൾ പലതരം സാമൂഹ്യ പരിഷ്കർത്താക്കളുടെ ഗ്രന്ഥങ്ങളും ജീവചരിത്രങ്ങളും അദ്ദേഹം വായിച്ചിരുന്നുവെങ്കിലും കൂടുതൽ ആശയക്കുഴപ്പമായിരുന്നു ഫലം. തുടർന്ന് സമാധാനം തേടി സന്യാസിയാകാൻവരെ ഒരുഘട്ടത്തിൽ ഗൗതം തീരുമാനിക്കുന്നുണ്ട്. ഇൗ കാലത്താണ് 1984 ൽ ഉമർ വലിയൊരു അപകടത്തിൽപ്പെടുന്നത്. തുടർന്ന് അദ്ദേഹത്തിന് ദീർഘകാലം കിടക്കയിൽകഴിച്ചുകൂേട്ടണ്ടിവരുന്നു. അക്കാലത്താണ് അദ്ദേഹം നാസിർ ഖാൻ എന്ന അയൽവാസിയുമായി കൂടുതൽ അടുക്കുന്നത്. അപകടത്തിൽ പരിക്കേറ്റ് സ്വന്തമായി കോളേജിൽ പോകാൻ കഴിയാത്ത ഗൗതമിന് സർവ്വ പിന്തുണയുമായി നാസിർ ഖാൻ ഒപ്പമുണ്ടായിരുന്നു. ആശുപത്രിയിൽ പോകാനും ഭക്ഷണം കൊണ്ടുവന്ന് നൽകാനുമെല്ലാം ഒരു മാസത്തോളം സഹായിച്ചത് ഇൗ യുവാവാണ്. ഇയാളുടെ മനോഭാവം ഗൗതമിനെ വല്ലാതെ സ്വാധീനിച്ചു. ഇവിടെ നിന്നാണ് ശ്യാം പ്രസാദ് സിങ് ഗൗതമിെൻറ മുഹമ്മദ് ഉമർ ഗൗതം ആയുള്ള പരിവർത്തനം ആരംഭിക്കുന്നത്.
1986ൽ ഉമർ ഗൗതം ഇസ്‌ലാം സ്വീകരിച്ചു. തുടർന്ന് സാമൂഹികബഹിഷ്കരണങ്ങളും സംഘപരിവാർ സംഘടനകളിൽ നിന്നുള്ള കായികമായ ആക്രമണങ്ങളും നേരിടേണ്ടിവന്നു. പിന്നീട് അദ്ദേഹം ജാമിയ മില്ലിയയിൽ എം.എക്ക് ചേരുകയും പഠനം പൂർത്തിയാക്കുകയും ചെയ്തു. 'ഇസ്‌ലാം സമാധാനത്തിെൻറ മതമാണ്. അതിശയകരവും മനോഹരമായ നിരവധി കാര്യങ്ങൾ നമ്മെ പഠിപ്പിക്കുന്ന മതവുമാണത്. എല്ലാവരും ഖുറാനിൽ നിന്നും ഹദീസുകളിൽ നിന്നും ഇസ്‌ലാം മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇന്നത്തെ മുസ്‌ലിംകൾ അവരുടെ മതത്തിെൻറ ഏറ്റവും മികച്ച ഉദാഹരണങ്ങളല്ല. നല്ല മനോഭാവം പ്രകടിപ്പിക്കാൻ ഞാൻ എെൻറ മുസ്‌ലിം സഹോദരങ്ങളോട് അഭ്യർഥിക്കുന്നു. അതാണ് മറ്റൊരു വ്യക്തിയെ ആകർഷിക്കുന്നത്. മനുഷ്യാവകാശങ്ങളെ സംബന്ധിച്ച് ലോകത്ത് ദിനംപ്രതി എണ്ണമറ്റ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും മനുഷ്യാവകാശങ്ങളെക്കുറിച്ച് ഏറ്റവും തികഞ്ഞ രീതിയിൽ സംസാരിക്കുന്ന മതമാണ് ഇസ്‌ലാം'-ഉമർ ഗൗതം പറയുന്നു.
തെരഞ്ഞെടുപ്പും അറസ്റ്റും
അടുത്തവർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഹിന്ദു-മുസ്‌ലിം വിദ്വേഷം ആളിക്കത്തിക്കാനാണ് ഉമർ ഗൗതമിെൻറ അറസ്റ്റിലൂടെ യോഗി ആദിത്യനാഥിെൻറ നേതൃത്വത്തിലുള്ള സർക്കാർ ശ്രമിക്കുന്നതെന്ന് ആം ആദ്മി പാർട്ടി ആരോപിക്കുന്നു. രാജ്യത്തിെൻറ ഭരണഘടന ഉറപ്പുനൽകുന്ന മതവിശ്വാസപരമായ വിവിധ അവകാശങ്ങൾ കരിനിയമങ്ങളിലൂടെ സംഘപരിവാർ ഭരണകൂടങ്ങൾ അട്ടിമറിക്കുന്നതായും വിവിധ സാമൂഹികസംഘടനകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.