ലഖ്നോ: പൂർണമായും ഹിന്ദു ആചാരങ്ങൾ പാലിച്ച് വിവാഹിതനായിട്ടും യു.പിയിൽ മുസ്ലിം യുവാവിന് യോഗി സർക്കാർ നൽകിയത് ജയിൽ. ഏറെയായി ഇഷ്ടത്തിലുള്ള സുഹൃത്തുക്കളുടെ വിവാഹമാണ് ചില ഇടപെടലുകൾക്കൊടുവിൽ വഞ്ചനയും നിർബന്ധിത മതപരിവർത്തനവും ചുമത്തി യുവാവിനെ ജയിലിലടക്കുന്നതിൽ കലാശിച്ചത്.
സിവിൽ സർവിസിന് പഠിക്കുന്നതിനൊപ്പം അധ്യാപികയായി സേവനം അനുഷ്ഠിക്കുന്ന പ്രിയ വർമ (29)യും സിവിൽ സർവിസ് സഹപാഠിയായ തൗഫീഖും തമ്മിൽ രണ്ടു വർഷമായി പ്രണയത്തിലായിരുന്നു. ഇരുവരും ഏറെയായി സിവിൽ സർവിസ് മോഹങ്ങൾ പങ്കുവെക്കുന്നവരാണ്. നിർബന്ധിത മതപരിവർത്തനം തടയാൻ എന്ന പേരിലുള്ള പുതിയ നിയമം വില്ലനാകുമെന്നറിഞ്ഞതോടെ തൗഫീഖ് ഹിന്ദു ആചാരങ്ങൾ പാലിച്ച് വിവാഹത്തിന് സമ്മതിച്ചു. അതോടെ തൗഫീഖിനെ രാഹുൽ വർമയെന്ന പേരിലാണ് പ്രിയ കുടുംബത്തിന് പരിചയപ്പെടുത്തിയത്. മുസ്ലിമാണെങ്കിൽ കുടുംബം സമ്മതിക്കില്ലെന്ന ഉറപ്പ് വന്നതോടെയായിരുന്നു നീക്കം.
കുടുംബത്തിെൻറ സമ്മതത്തോടെ ഇരുവരും വിവാഹിതരായതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങളാണ് തൗഫീഖിനെ കുടുക്കിയത്. കനൗജ് സ്വദേശിയായ പ്രിയയുടെ കുടുംബം വിവാഹം കഴിഞ്ഞ് രണ്ടാം നാൾ തന്നെ തൗഫീഖിനെ മുസ്ലിമാണെന്ന് തിരിച്ചറിഞ്ഞു. തൗഫീഖിെൻറ നാട്ടുകാരനായ പ്രാദേശിക ബി.ജെ.പി നേതാവ് വിഷയം ഏറ്റെടുത്തതോടെ 'ലവ് ജിഹാദ്' ആയി വിവാഹം മാറി. പ്രിയയുടെ പിതാവ് സർവേശ് ശുക്ലെയ കണ്ട ബി.ജെ.പി നേതാവ് ഉടൻ കേസ് നൽകാൻ ആവശ്യപ്പെട്ടു.
വൈകാതെ തൗഫീഖിനെ കസ്റ്റഡിയിലെടുത്ത് ജയിലിലേക്ക് മാറ്റി. യോഗി സർക്കാർ പാസാക്കിയ ഉത്തർ പ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമം 2020 പ്രകാരമായിരുന്നു നപടി.
തന്നെ ഒരിക്കലും തൗഫീഖ് മതപരിവർത്തനത്തിന് പ്രേരിപ്പിച്ചില്ലെന്നു മാത്രമല്ല, ആവശ്യമെങ്കിൽ ഹിന്ദു ആചാരങ്ങൾ പാലിക്കാമെന്നും തൗഫീഖ് പറഞ്ഞിരുന്നതായി പ്രിയ പറയുന്നു. മാത്രവുമല്ല, തൗഫീഖിനെതിരെ ഫയൽ ചെയ്ത കേസിൽ മതപരിവർത്തന ആരോപണം പോലും ഇല്ലെന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.