ന്യൂഡൽഹി: രാജ്യത്ത് നടക്കാനിരിക്കുന്ന സെൻസസിൽ സ്വന്തം നിലക്ക് പങ്കെടുക്കണമെങ്കിൽ ദേശീയ ജനസംഖ്യ പട്ടിക (എൻ.പി.ആർ) ഓൺലൈനിൽ പുതുക്കണം. സെപ്റ്റംബറിനുശേഷം രണ്ടു ഘട്ടങ്ങളിലായി നടക്കാനിരിക്കുന്ന സെൻസസിന് സർക്കാർ നിയോഗിക്കുന്ന എന്യൂമറേറ്റർമാർ വീടുകളിലെത്തുന്നതിന് കാത്തുനിൽക്കാതെ സ്വന്തം നിലക്ക് സെൻസസ് അപേക്ഷഫോറം ഓൺലൈൻ വഴി പൂരിപ്പിച്ചുനൽകുന്നതിനാണ് കേന്ദ്ര സർക്കാർ ആദ്യം എൻ.പി.ആർ ഓൺലൈനായി പുതുക്കണമെന്ന ഉപാധി വെച്ചിരിക്കുന്നത്.
വീടുകളുടെ കണക്കെടുക്കുന്ന സെൻസസിന്റെ ഒന്നാം ഘട്ടത്തിൽ ദേശീയ ജനസംഖ്യ പട്ടിക (എൻ.പി.ആർ) കൂടി പുതുക്കുകയാണ് കേന്ദ്ര സർക്കാറിന്റെ ലക്ഷ്യം. ഇതോടെ സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങൾ പരിശോധിക്കുന്ന രണ്ടാം ഘട്ടത്തിൽ ജനസംഖ്യ പട്ടികയെ ആശ്രയിക്കാൻ സർക്കാറിനാവും. ഓൺലൈനിൽ എൻ.പി.ആർ പുതുക്കാൻ ആധാർ, മൊബൈൽ നമ്പറുകൾ നൽകണം.
സ്വന്തം നിലക്ക് ഓൺലൈനായി സെൻസസിൽ പങ്കെടുക്കാൻ ഒരു ‘സെൽഫ് എന്യൂമറേഷൻ’ പോർട്ടൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ (ആർ.ജി.ഐ) വികസിപ്പിച്ചിട്ടുണ്ട്. അതിൽ രജിസ്റ്റർ ചെയ്യാൻ എൻ.പി.ആറിൽ നൽകിയ മൊബൈൽ നമ്പർ നൽകണം. വെബ് പോർട്ടലിൽ പ്രവേശിച്ചാൽ ഓരോരുത്തർക്കും അവരുടെ കുടുംബാംഗങ്ങളുടെ വിശദാംശങ്ങൾ എന്യൂമറേറ്റർമാരുടെ സഹായം കൂടാതെ അപ് ലോഡ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.