ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ പിടിച്ചുലച്ച് കോവിഡ് 19ന്‍റെ രണ്ടാം തരംഗവും. നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയർന്നതായാണ് വിലയിരുത്തൽ.
കോവിഡ് വ്യാപനത്തെ തുടർന്ന് മിക്കയിടങ്ങിലും ലോക്ഡൗൺ ഏർപ്പെടുത്തിയതും ബിസിനസ് സ്ഥാപനങൾ അടച്ചിട്ടതും കോവിഡ് ഭീതിയിൽ പലായനം രൂക്ഷമായതുമാണ് തൊഴിലില്ലായ്മക്ക് ആക്കം കൂട്ടിയത്.
നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 10 ശതമാനമായതായി സെന്‍റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (സി.എം.ഐ.ഇ) അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി 2020 മാർച്ചിൽ രാജ്യവ്യാപക ലോക്ഡൗൺ ഏർപ്പെടുത്തിയിരുന്ന സമയത്താണ് തൊഴിലില്ലായ്മ നിരക്ക് ഇത്രയും താഴ്ന്നിരുന്നത്.
2021 ഏപ്രിൽ 18ന് 10.72 ശതമാനമായി നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക്. ഏപ്രിൽ 11ന് ഇത് 9.81 ശതമാനവും ഏപ്രിൽ നാലിന് ഇത് 7.21 ശതമാനവുമായിരുന്നു. രണ്ടാഴ്ചക്കിടെ തൊഴിലില്ലായ്മ നിരക്കിൽ 3.5 ശതമാനം വർധനയാണുണ്ടത്.
മഹാരാഷ്ട്രയിലാണ് ഇത് ഏറ്റവും കൂടുതൽ. മറ്റു സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമായതോടെ തൊഴിലില്ലായ്മ നിരക്ക് ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഫാക്ടറികൾ, തൊഴിലിടങ്ങൾ, ചെറു മാർക്കറ്റുകൾ, റീട്ടെയ്ൽ സർവിസുകൾ, റസ്റ്ററന്‍റുകൾ, മാളുകൾ, സലൂണുകൾ തുടങ്ങിയവ അടച്ചിട്ടിരിക്കുകയാണ്. ഇത് തൊഴിലില്ലായ്മ നിരക്ക് ഉയരുന്നതിന് കാരണമായി.
തിങ്കളാഴ്ച രാജസ്ഥാൻ, ഡൽഹി, മഹാരാഷ്ട്ര, ഒഡീഷ, കേരളം തുടങ്ങിയ സംസ്ഥാനങ്ങൾ രാത്രികാല കർഫ്യൂ ഉൾപ്പെടെ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.