മണിപ്പൂർ: ചോദിച്ചാൽ ഏത് വിധത്തിലും സഹായിക്കാൻ അമേരിക്ക തയാറെന്ന്

ന്യൂഡൽഹി: രണ്ടു മാസത്തിലേറെയായി കലാപ കലുഷിതമായ മണിപ്പൂരിൽ ഇടപെടാൻ തയാറാണെന്ന് അമേരിക്ക. ഇന്ത്യയിലെ യു.എസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് ഒരു ഇന്ത്യന്‍ വിഷയമാണെന്ന് അറിയാമെന്നും അതിനാൽ ചോദിച്ചാൽ ഏത് വിധത്തിലും സഹായിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

കൊല്‍ക്കത്തയിലെത്തിയ യു.എസ് അംബാസഡര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തന്ത്രപരമായ കാര്യമല്ല ഇത്, മനുഷ്യരെക്കുറിച്ചാണ് ആശങ്ക. കുട്ടികളടക്കം അക്രമങ്ങളിൽ മരിക്കുമ്പോൾ അത് ശ്രദ്ധിക്കാൻ നിങ്ങൾ ഒരു ഇന്ത്യക്കാരനായിരിക്കണമെന്നില്ല. സമാധാനത്തിനാണ് മുൻതൂക്കം. വടക്കുകിഴക്കൻ ഭാഗങ്ങളിലടക്കം വളരെ പുരോഗതി ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ട്. ചോദിച്ചാൽ ഏതുവിധത്തിലും സഹായിക്കാൻ തയാറാണ് -അദ്ദേഹം പറഞ്ഞു.

ഇത് ഇന്ത്യയുടെ കാര്യമാണെന്ന് ഞങ്ങൾക്കറിയാം. ആ സമാധാനത്തിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു. അത് വേഗത്തിൽ ഉണ്ടാകട്ടെ. കാരണം ആ സമാധാനം പുലർന്നാൽ നമുക്ക് കൂടുതൽ സഹകരണവും കൂടുതൽ പദ്ധതികളും കൂടുതൽ നിക്ഷേപവും കൊണ്ടുവരാൻ കഴിയും -എറിക് ഗാര്‍സെറ്റി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം, മണിപ്പൂരിൽ സ്കൂളിന് മുന്നിലിട്ട് സ്ത്രീയെ അക്രമികൾ വെടിവെച്ച് കൊന്ന വാർത്ത പുറത്തുവന്നിരുന്നു. കലാപത്തെ തുടർന്ന് അടച്ചിട്ട സ്കൂളുകൾ വീണ്ടും തുറന്ന് പിറ്റേദിവസമായിരുന്നു ഇത്. തൗബാൽ ജില്ലയിൽ അക്രമാസക്തരായ ജനക്കൂട്ടം സുരക്ഷ ഉദ്യോഗസ്ഥന്‍റെ വീടിന് തീയിട്ടിരുന്നു. വീടുകൾക്ക് കാവല്‍ നില്‍ക്കുകയായിരുന്ന ഹമാര്‍ യുവാവിനെ വെടിവെച്ചു കൊന്ന ശേഷം തലയറുത്തു മാറ്റി പ്രദര്‍ശിപ്പിച്ച സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

Tags:    
News Summary - US ready to help in Manipur if asked says US ambassador

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.