ന്യൂഡൽഹി: കർഷക സമരം സർക്കാർ അടിച്ചമർത്തുന്നതിനെതിരായ വ്യാപക പ്രതിഷേധത്തിൽ പങ്കുചേർന്ന് അമേരിക്ക. സമാധാനപരമായ പ്രതിഷേധങ്ങൾ സമ്പന്നമായ ജനാധിപത്യത്തിെൻറ മുഖമുദ്രയാണെന്നും ഇൻറർനെറ്റ് ലഭ്യത അഭിപ്രായ സ്വാതന്ത്ര്യത്തിൽ പരമപ്രധാനമാണെന്നും അമേരിക്കൻ വിദേശകാര്യ വകുപ്പ് ഓർമിപ്പിച്ചു.
കാപിറ്റൽ ഹില്ലിൽ അടുത്തയിടെ ഉണ്ടായ അക്രമ സംഭവങ്ങളിലേക്ക് വിരൽചൂണ്ടിയാണ് അതിനോട് ഇന്ത്യ പ്രതികരിച്ചത്. അക്രമ സംഭവങ്ങൾ തടയാനാണ് ഇൻറർനെറ്റ് നിയന്ത്രണമെന്ന് വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.
സമരം ചെയ്യുന്ന കർഷകരെ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യമടക്കം നിഷേധിച്ച് തലസ്ഥാനത്തേക്കുള്ള അതിർത്തി റോഡുകളിൽ അടിച്ചമർത്തുന്ന സർക്കാർ സമീപനം വ്യാപക പ്രതിഷേധം ഉയർത്തിയിരിക്കേയാണ്, അമേരിക്ക അതിൽ പങ്കുചേർന്നത്. സമാധാനപരമായ പ്രതിഷേധങ്ങൾ സമ്പന്നമായ ജനാധിപത്യത്തിെൻറ മുഖമുദ്രയാണെന്ന് യു.എസ് വിദേശകാര്യ വക്താവ് പറഞ്ഞു. അക്കാര്യം ഇന്ത്യൻ സുപ്രീംകോടതിതന്നെ പറഞ്ഞിട്ടുണ്ട്.
ഇൻറർനെറ്റ് അടക്കം വിവരങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിൽ പരമപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ വിപണികളുടെ കാര്യക്ഷമത കൂട്ടാനുള്ള നടപടികളെയും സ്വകാര്യ മേഖലയിൽനിന്ന് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനെയും അമേരിക്ക പൊതുവിൽ സ്വാഗതം ചെയ്യുന്നു. എന്നാൽ, തർക്കങ്ങൾ ബന്ധപ്പെട്ട കക്ഷികൾ ചർച്ചകളിലൂടെ പരിഹരിക്കുകയാണ് വേണ്ടതെന്നും വക്താവ് പറഞ്ഞു.
അമേരിക്കയുടെ അഭിപ്രായപ്രകടനം മോദിസർക്കാറിന് വലിയ തിരിച്ചടിയായി. അമേരിക്കയുടെ പരാമർശം മുഴുവനായും, അതു നടത്തിയ സന്ദർഭവും കണക്കിലെടുക്കണമെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യ നടത്തിയ കാർഷിക നിയമ പരിഷ്കരണങ്ങളെ അമേരിക്ക അംഗീകരിക്കുന്നുണ്ട്. പ്രശ്നപരിഹാരത്തിന് സർക്കാറും ബന്ധപ്പെട്ട കർഷക സംഘടനകളുമായി നടക്കുന്ന ശ്രമങ്ങളും കാണേണ്ടതുണ്ട്. കാപിറ്റൽ ഹില്ലിൽ എന്നപോലെ, ചെങ്കോട്ടയിൽ ജനുവരി 26ന് നടന്ന അക്രമങ്ങളും ഇന്ത്യയിൽ സമാനമായ വികാരവും പ്രതികരണങ്ങളും ഉണ്ടാക്കിയിട്ടുണ്ട് -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.