ഹാഥറസിൽ ട്രക്ക് ഇടിച്ച് ആറ് കൻവാർ ഭക്തർ മരിച്ചു

ഹാഥറസ്: ഉത്തർപ്രദേശിലെ ഹാഥറസിൽ ട്രക്ക് ഇടിച്ച് ആറ് കൻവാർ ഭക്തർ മരിച്ചു. അമിതവേഗതയിലെത്തിയ ട്രക്ക് ഭക്തർക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തിൽ ട്രക്ക് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്ന് പുലർച്ചെ 2.15 ഓടെ ഏഴ് കൻവാർ ഭക്തരെ ട്രക്ക് ഇടിച്ച് വീഴ്ത്തുകയായിരുന്നുവെന്ന് ആഗ്ര സോൺ എ.ഡി.ജി.പി രാജീവ് കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു. ഹാഥറസിലെ സദാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം.

ഹരിദ്വാറിൽ നിന്ന് ഗ്വാളിയോറിലേക്ക് പോകുകയായിരുന്നു കൻവാർ ഭക്തർ. 'സംഭവത്തിൽ അന്വേഷണം നടക്കുന്നു. ഡ്രൈവറെ കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിച്ചു, ഇയാളെ ഉടൻ പിടികൂടും' -എ.ഡി.ജി.പി രാജീവ് കൃഷ്ണ അറിയിച്ചു.

കൻവാർ ഭക്തർക്ക് സൗകര്യമൊരുക്കാൻ നിയോഗിച്ച യു.പി പൊലീസ് ഉദ്യോഗസ്ഥർ ഇന്നലെ ഹരിദ്വാറിൽനിന്ന്  ഇരുചക്രവാഹനങ്ങളിൽ മടങ്ങുന്ന തീർഥാടകർക്ക് ഹെൽമറ്റുകളും ദേശീയ പതാകകളും വിതരണം ചെയ്തിരുന്നു. ഭക്തരെ സഹായിക്കാൻ പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ് നഗറിൽ ഒരു കൺട്രോൾ റൂമും പൊലീസ് സ്ഥാപിച്ചിരുന്നു.

ഭക്തർക്ക് എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായാൽ ഉടൻ സഹായിക്കാനും ക്രമസമാധാനം തകർക്കാൻ ശ്രമിച്ചാൽ ഉടനടി കർശന നടപടിയെടുക്കാനും പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

'ശ്രാവണ' മാസത്തിൽ ഗംഗാ നദിയിലെ ജലം കൊണ്ടുവരാൻ ഉത്തരാഖണ്ഡിലെ ഹരിദ്വാർ, ഗൗമുഖ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ശിവഭക്തർ കാൽനടയായാണ് കൻവാർ യാത്ര നടത്തുന്നത്.  

Tags:    
News Summary - Uttar Pradesh: Five dead after truck mows down a group of Kanwar devotees in Hathras

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.