ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യു.യു. ലളിതിന്റെ മകൻ ശ്രീയാഷ് ലളിതിനെ സുപ്രീം കോടതിയിലെ സർക്കാർ സീനിയർ അഭിഭാഷകനായി നിയമിച്ച നടപടി ഉത്തർപ്രദേശ് സർക്കാർ തലക്കാലത്തേക്ക് മരവിപ്പിച്ചു. സെപ്തംബർ 21നാണ് ശ്രീയാഷിന്റെ നിയമന വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. ഇത് വാർത്തയായതിന് പിന്നാലെ, മറ്റൊരു ഉത്തരവ് പുറപ്പെടുവിക്കുംവരെ നിയമനം മരവിപ്പിച്ചതായി അഞ്ച് ദിവസത്തിന് ശേഷം സർക്കാർ അറിയിപ്പ് പ്രസിദ്ധീകരിക്കുകയായിരുന്നു.
ശ്രീയാഷ് ലളിതിന് പുറമെ പ്രീതി ഗോയൽ, നമിത് സക്‌സേന, യശാർത് കാന്ത് എന്നീ മൂന്ന് അഭിഭാഷകരെയും യു.പി സർക്കാർ സുപ്രീം കോടതിയിൽ തങ്ങളുടെ പ്രതിനിധികളായി നിയമിച്ചിരുന്നു. ഇവരുടെ നിയമനവും സംസ്ഥാന സർക്കാർ മാറ്റിവച്ചു. ഉത്തർപ്രദേശിൽ 400ലധികം എംപാനൽ അഭിഭാഷകരുണ്ടെന്ന് മേയ് മാസത്തിൽ അലഹബാദ് ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു.
2017ൽ ഡൽഹി സർവകലാശാലയിൽ നിന്ന് നിയമ ബിരുദം നേടിയ ശ്രീയാഷ് ലളിത്, 2018ൽ കേംബ്രിഡ്ജ് സർവകലാശാലയിൽനിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്.
പിതാവ് ജസ്റ്റിസ് യു.യു. ലളിത് (ഉദയ് ഉമേഷ് ലളിത്) ഇക്കഴിഞ്ഞ ആഗസ്റ്റ് 27നാണ് ഇന്ത്യയുടെ 49ാമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തത്. ആഗസ്റ്റ് 26 ന് വിരമിച്ച ജസ്റ്റിസ് എൻ വി രമണയുടെ പിൻഗാമിയായാണ് ലളിത് ചുമതലയേറ്റത്. നവംബർ എട്ടിന് യു.യു. ലളിത് ചീഫ് ജസ്റ്റിസ് പദവിയിൽനിന്ന് വിരമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.