ന്യൂഡൽഹി: ഉത്തരഖണ്ഡ് മുഖ്യമന്ത്രി തിരാത് സിങ് റാവത്ത് രാജിവെച്ചു. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയശേഷം എത്തിയ അദ്ദേഹം വെള്ളിയാഴ്ച രാത്രി വൈകി രാജ്ഭവനിലെത്തി ഗവർണർക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം പാർട്ടി ദേശീയ അധ്യക്ഷനും രാജിക്കത്ത് കൈമാറിയിരുന്നു. പിന്നീടാണ് രാത്രി വൈകി സംസ്ഥാനത്ത് തിരികെയെത്തിയ തിരാത് സിങ് ഗവർണർ ബേബി റാണി മൗര്യയുമായി കൂടിക്കാഴ്ച നടത്തി രാജിക്കത്ത് നൽകിയത്.
ചുമതലയേറ്റ് നാലുമാസം തികയുന്നതിന് മുമ്പാണ് തിരാത് സിങ് രാജിവെക്കുന്നത്. സംസ്ഥാനത്ത് 'ഭരണഘടന പ്രതിസന്ധി' ഒഴിവാക്കാൻ രാജിവെക്കുന്നു എന്നാണ് രാജിക്കത്തിലുള്ളത്. അതേസമയം, പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായി ഉത്തരഖണ്ഡിലെ ബി.ജെ.പി എം.എൽ.എമാർ ശനിയാഴ്ച ഉച്ചക്ക് മൂന്നിന് ഡെറാഡൂണിൽ യോഗം ചേരും. എം.എൽ.എമാർ എല്ലാവരും ശനിയാഴ്ച 11 മണിക്ക് തന്നെ ഡെറാഡൂണിലെത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് മദൻ കൗശിക് യോഗത്തിന് നേതൃത്വം നൽകും. യോഗത്തിന്‍റെ നിരീക്ഷകനായി പങ്കെടുക്കാൻ കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമറിനോട് ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
ത്രിവേന്ദ്ര സിങ് റാവത്തിനെ മാറ്റിയാണ് ഈവർഷം മാർച്ച് പത്തിന് ബി.ജെ.പി തിരാത് സിങ്ങിനെ മുഖ്യമന്ത്രിയാക്കിയത്. ലോക്സഭാംഗമായ തിരാത് സിങ് ആറ് മാസത്തിനകം ഏതെങ്കിലുമൊരു മണ്ഡലത്തിൽ നിന്ന് എം.എൽ.എയായി തെരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. അതനുസരിച്ച് സെപ്റ്റംബർ പത്തിന് മുമ്പ് ഉപതെരഞ്ഞെടുപ്പ് നടന്നില്ലെങ്കിൽ തിരാതിന് നിയമസഭയിലെത്താനാവില്ല. ഉപതെരഞ്ഞെടുപ്പ് നടത്തുകയാണോ അതല്ലെങ്കിൽ തിരാതിനെ മാറ്റി നിലവിൽ എം.എൽ.എയായ ഒരംഗത്തെ മുഖ്യമന്ത്രിയായക്കുകയാണോ വേണ്ടത് എന്നത് ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയിരുന്നു.
നിലവിൽ രണ്ട് സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണെങ്കിലും നിയമസഭയുടെ കാലാവധി അടുത്ത വർഷം മാർച്ച് 23ന് അവസാനിക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമീഷൻ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ഇടയില്ലാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണമായത്. അഞ്ച് സംസ്ഥാനങ്ങളിൽ മാർച്ച്-ഏപ്രിൽ മാസങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തിയത് കോവിഡിന്‍റെ രണ്ടാം വരവിന് കാരണമായെന്ന ആരോപണം ശക്തമായിരിക്കെ, ഉപതെരഞ്ഞെടുപ്പ് നടത്താൻ സാധ്യതയില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.