സ്വവർഗ ദമ്പതികൾക്ക് പൊലീസ് സംരക്ഷണം നൽകാന്‍ ഉത്തരവിട്ട് ഉത്തരാഖണ്ഡ് ഹൈകോടതി

ഡെറാഡൂൺ: കുടുംബാംഗങ്ങളുടെ തുടർച്ചയായ ഭീഷണികൾ നേരിട്ട സ്വവർഗാനുരാഗികളായ ദമ്പതികൾക്ക് പൊലീസ് സംരക്ഷണം നൽകാന്‍ ഉത്തരവിട്ട് ഉത്തരാഖണ്ഡ് ഹൈകോടതി. പ്രായപൂർത്തിയായ ഏതു വ്യക്തികൾക്കും സ്വന്തം ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള മൗലികാവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. ലിവ്ഇൻ റിലേഷൻഷിപ്പിൽ കഴിയുന്ന പുരുഷന്മാരായ രണ്ട് പേർ ഡിസംബർ 16ന് സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

പരാതിക്കാരായ രണ്ട് പുരുഷന്മാരുടെയും മാതാപിതാക്കൾ ഇവരുടെ ബന്ധത്തെ എതിർക്കുകയും ഇതിൽ നിന്ന് പുറത്തുവരാന്‍ സമർദ്ദം ചെലുത്തുകയും ചെയ്തിരുന്നു. തുടർച്ചയായ ഭീഷണികൾ കാരണം, ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് ഡിസംബർ 14ന് പൊലീസിൽ നിവേദനം നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് ഹരജിക്കാർ പറഞ്ഞു. ഇതോടെയാണ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.

രണ്ട് ഹരജിക്കാരും പ്രായപൂർത്തിയായതിനാൽ അവരുടെ ജീവിത പങ്കാളികളെ തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അവരുടെ മൗലികാവകാശങ്ങളിൽ ഇടപെടാൻ എതിർക്കുന്നവർക്ക് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. അവരുടെ ജീവനും സ്വത്തുക്കളും സംരക്ഷിക്കുമെന്ന് ചീഫ് ജസ്റ്റിസ് രാഘവേന്ദ്ര സിങ് ചൗഹാൻ, ജസ്റ്റിസ് എൻ.എസ്. ധനിക് എന്നിവരടങ്ങിയ ബെഞ്ച് ഉറപ്പ് നൽകി. ഹരജിക്കാരെ ഭീഷണിപ്പെടുത്താനോ പ്രയാസമുണ്ടാക്കാനോ അനുവദിക്കരുതെന്നും ഇവർക്ക് ഉടൻ പൊലീസ് സംരക്ഷണം നൽകണമെന്നും എസ്.എസ്.പിക്ക് കോടതി നിർദേശം നൽകി. 

Tags:    
News Summary - Uttarakhand HC Orders Police Protection to Gay Couple in Live-In Relationship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.