ന്യൂഡൽഹി: മുസ്‍ലിംകളോട് ഒഴിഞ്ഞുപോകാൻ അന്ത്യശാസനം നൽകിയ ഉത്തരകാശിയിലെ പുരോലയിൽ നാളെ തീവ്ര ഹിന്ദുത്വ സംഘടനകൾ നടത്തുന്ന ‘മഹാപഞ്ചായത്ത്’ തടയണമെന്ന ഹരജി സൂപ്രീം കോടതി തള്ളി. അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് (എ.പി.സി.ആർ) സമർപ്പിച്ച അടിയന്തര ഹരജിയാണ് സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് പരിഗണിക്കാൻ വിസമ്മതിച്ചത്.
ക്രമസമാധാനം സംസ്ഥാനത്തിന്റെ പരിധിയിൽ വരുന്ന വിഷയമാണെന്നും അതിനാൽ ഹരജിക്കാർ ഹൈക്കോടതിയെ സമീപിക്കണമെന്നും ജസ്റ്റിസുമാരായ വിക്രം നാഥും അഹ്‌സനുദ്ദീൻ അമാനുല്ലയും അടങ്ങുന്ന അവധിക്കാല ബെഞ്ച് നിർദേശിച്ചു. “എന്തുകൊണ്ടാണ് ഹൈക്കോടതിയെ അവിശ്വസിക്കുന്നത്? അവർക്ക് അവരുടേതായ അധികാരപരിധിയുണ്ട്. എന്തിനാണ് ഈ കുറുക്കുവഴി തേടുന്നത്? ഞങ്ങൾ കേസിന്റെ മെറിറ്റിനെ കുറിച്ചോ മറ്റു കാര്യങ്ങളെ കുറിച്ചോ അല്ല പറയുന്നത്. നിങ്ങൾ എന്തുകൊണ്ടാണ് ഭരണ സംവിധാനത്തെ അവിശ്വസിക്കുന്നത്?’ - ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുല്ല ചോദിച്ചു.
എന്നാൽ, ഒരു പ്രത്യേക സമുദായത്തോട് നാളെ നടക്കുന്ന ഹിന്ദുത്വ മഹാപഞ്ചായത്തിന് മുമ്പ് പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകാൻ അന്ത്യശാസനം നൽകിയിട്ടുണ്ടെന്നും കോടതി ഉടൻ ഇടപെടേണ്ട അടിയന്തരാവസ്ഥ നിലനിൽക്കുന്നുണ്ടെന്നും എ.പി.സി.ആർ അഭിഭാഷകൻ ഷാരൂഖ് ആലം പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങൾ തടയാൻ ഉത്തരാഖണ്ഡിനെതിരെ തുടർച്ചയായി കോടതി മാൻഡമസ് പുറപ്പെടുവിച്ച കാര്യവും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
മഹാപഞ്ചായത്ത് ഉടൻ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി സർവകലാശാല പ്രഫസർ അപൂർവാനന്ദ് ഝായും കവി അശോക് വാജ്‌പേയിയും ചേർന്ന് സുപ്രീം കോടതിയിൽ അടിയന്തര അപേക്ഷ നൽകിയിരുന്നു. സംസ്ഥാനത്ത് വർധിച്ചുവരുന്ന വർഗീയ സംഘർഷത്തിൽ അടിയന്തരമായി ഇടപെടാൻ ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസിനും പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസും (പിയുസിഎൽ) കത്തയച്ചു. ജൂൺ 15-ന് നടക്കുന്ന മഹാപഞ്ചായത്തിനും ജൂൺ 20-ന് തെഹ്‌രിയിൽ നടത്താനിരുന്ന റാലിക്കും ചക്രസ്തംഭന സമരത്തിനും അനുമതി നൽകരുതെന്നും പി.യു.സി.എൽ ആവശ്യപ്പെട്ടു.
ഈ മാസം 15നകം കടകൾ ഒഴിഞ്ഞുപോകണമെന്ന് ഉത്തരകാശിയിലെ മുസ്‍ലിം വ്യാപാരികൾക്ക് ഹിന്ദുത്വ സംഘടനകൾ മുന്നറിയിപ്പ് നൽകിയത്. ഇതിന്റെ ഭാഗമായാണ് 15ാം തീയതിയായ നാളെ മഹാപഞ്ചായത്ത് നടത്തുന്നത്. ഉത്തരകാശിയിലെ പുരോലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മേയ് 26ന് ഉബൈദ് ഖാൻ(24) എന്ന കിടക്ക വിൽപനക്കാരനും, ജിതേന്ദ്ര സൈനി (23) എന്ന മോട്ടോർ സൈക്കിൾ മെക്കാനിക്കും അറസ്റ്റിലായിരുന്നു. കേസിൽ ജിതേന്ദ്ര സൈനിയുടെ പേര് മറച്ചുവെച്ച് ഉബൈദ് ഖാനെ മാത്രം ഉയർത്തിക്കാണിച്ച് ഹിന്ദുത്വ തീവ്രവാദികൾ ‘ലവ് ജിഹാദ്’ കേസായി അവതരിപ്പിച്ചതാണ് മുസ്ലിം വിരുദ്ധ വിദ്വേഷപ്രചരണമായി പരിണമിച്ചത്.
തുടർന്ന് തീവ്ര ഹിന്ദുത്വ സംഘടനകളും വ്യാപാരി സംഘടനകളും നാട്ടുകാരിൽ ചിലരും ചേർന്ന് വിദ്വേഷ റാലികൾ സംഘടിപ്പിച്ചു. പുരോല വിട്ടുപോയില്ലെങ്കിൽ ഗുരുതര ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് ഇവർ മുസ്‍ലിംകൾക്ക് മുന്നറിയിപ്പ് നൽകി. ജൂൺ 15ലെ ഹിന്ദു മഹാപഞ്ചായത്തിന് മുമ്പ് കടകൾ കാലിയാക്കണമെന്നും അങ്ങനെ ചെയ്തില്ലെങ്കിൽ പിന്നീടെന്ത് സംഭവിക്കുമെന്ന് സമയം പറയുമെന്നും ‘ദേവ്ഭൂമി രക്ഷാ അഭിയാൻ’ എന്ന സംഘടനയുടെ പേരിൽ ഹിന്ദുത്വ തീവ്രവാദികൾ പുരോല പട്ടണത്തിലെ മുസ്‍ലിംകളുടെ വ്യാപാരസ്ഥാപനങ്ങൾക്കുമേൽ അന്ത്യശാസന പോസ്റ്റർ പതിക്കുകയും ചെയ്തു.
18ന് ഡെറാഡൂണിൽ മഹാപഞ്ചായത്ത്
അതിനിടെ, വിദ്വേഷപ്രചരണത്തിനെതിരെ മുസ്‍ലിം നേതാക്കൾ ഈ മാസം 18ന് ഡെറാഡൂണിൽ മഹാപഞ്ചായത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. ഡെറാഡൂൺ ഖാദി മുഹമ്മദ് അഹ്മദ് ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന മുസ്‍ലിം നേതാക്കളുടെ യോഗമാണ് മഹാപഞ്ചായത്തിന് തീരുമാനമെടുത്തത്. ഉത്തരഖണ്ഡിലൊന്നാകെ സംജാതമായ സ്ഥിതിവിശേഷം ഡെറാഡൂൺ ഖാദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ചർച്ച ചെയ്തുവെന്നും പ്രതിഷേധ പരിപാടി എന്ന നിലയിൽ ജൂൺ 18ന് മഹാപഞ്ചായത്ത് വിളിക്കാൻ തീരുമാനിച്ചുവെന്നും മുസ്‍ലിം കൂട്ടായ്മയായ ‘മുസ്ലിം സേവാ സംഘടൻ’ മീഡിയ ഇൻ ചാർജ് വസീം അഹ്മദ് അറിയിച്ചു.
പുരോലയിൽനിന്ന് തെഹ്രി ഗഡ്വാൾ, ബാർകോട്ട്, ചിന്യാലിസോർ, നോഗോവ്, ഡാംട്ട, ബർണിഗാഡ്, ശനട്വർ, ഭട്വാരി എന്നിവിടങ്ങളിലേക്കും വിദ്വേഷ പ്രചാരണം പടർന്നിട്ടുണ്ട്. നിരപരാധികളായ മുസ്‍ലിംകളെ പുറത്താക്കുകയാണെന്നും ഒരു വ്യക്തി കുറ്റകൃത്യം ചെയ്തതിന് സമുദായത്തെ ഒന്നാകെ ലക്ഷ്യമിടുകയാണെന്നും മുഹമ്മദ് അഹ്മദ് ഖാസിമി പറഞ്ഞു. നിരപരാധികളെ ശിക്ഷിക്കരുതെന്ന് ആഹ്വാനം ചെയ്യാനാണ് മഹാപഞ്ചായത്ത് എന്ന് അദ്ദേഹം തുടർന്നു.
അതേ സമയം മുസ്‍ലിംകളുടെ മഹാപഞ്ചായത്ത് ഉത്തരഖണ്ഡിൽ അനുവദിക്കില്ലെന്ന് ദേവ്ഭൂമി രക്ഷാ അഭിയാൻ സ്ഥാപകൻ എന്നവകാശപ്പെടുന്ന സ്വാമി ദർശൻ ഭാരതി വ്യക്തമാക്കി. മുസ്‍ലിംകളെ പുറന്തള്ളാൻ ആഹ്വാനം ചെയ്ത മഹാപഞ്ചായത്ത് പുരോലയിൽ 15ന് നടക്കുമെന്നും സ്വാമി കൂട്ടിച്ചേർത്തു.
മുസ്‍ലിംകൾക്ക് മഹാപഞ്ചായത്ത് വിളിച്ച് ഏത് വിഷയവും ചർച്ച ചെയ്യാമെന്നും ‘ലവ് ജിഹാദ്’ കേസുകൾ ന്യായീകരിക്കരുതെന്നുമാണ് ബി.ജെ.പി ഉത്തരഖണ്ഡ് മീഡിയ ഇൻചാർജ് മൻവീർ സിങ്ങ് ചൗഹാന്റെ പ്രതികരണം. എന്നാൽ ഏത് ഭാഗത്ത് നിന്നുള്ള തീവ്രവാദത്തെയും തങ്ങൾ പിന്തുണക്കില്ലെന്നും ഇത് സംസ്ഥാനത്തിന്റെ സൗഹാർദത്തിനും വിനോദസഞ്ചാരത്തെ ആശ്രയിച്ചുള്ള സമ്പദ്ഘടനക്കും അപരിഹാര്യമായ പ്രത്യാഘാതമുണ്ടാക്കുമെന്നും കോൺഗ്രസിന്റെ ഉത്തരഖണ്ഡ് മുഖ്യ വക്താവ് ഗരിമ മെഹ്റ ദസോനി പ്രതികരിച്ചു.
അതിനിടെ, മുസ്‍ലിംകളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട ഹിന്ദുത്വ തീവ്രവാദ സംഘടനകളിൽനിന്ന് സംരക്ഷണം തേടി ഉത്തരാഖണ്ഡ് വഖഫ് ബോർഡ് ചെയർമാൻ ശദാബ് ശംസ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയെ കണ്ടു. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ഉത്തരാഖണ്ഡിൽ മുസ്‍ലിംകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർഥിച്ചുവെന്ന് ശദാബ് ശംസ് വ്യക്തമാക്കി. ലക്സറിൽനിന്നുള്ള ബി.എസ്.പി എം.എൽ.എ ഹാജി മുഹമ്മദ് ശഹ്സാദും വഖഫ് ബോർഡ് ചെയർമാനൊപ്പമുണ്ടായിരുന്നു. ഒരു നിരപരാധിയും വേദന അനുഭവിക്കുകയോ പീഡിപ്പിക്കപ്പെടുകയോ ചെയ്യില്ലെന്ന് താൻ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി വാഗ്ദാനം നൽകിയതായും ശദാബ് ശംസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.