ബംഗളൂരു: അഞ്ചു നൂറ്റാണ്ടായി മുസ്‍ലിംകൾ ആരാധന നിർവഹിച്ചിരുന്ന ബാബരി മസ്ജിദ് വ്യവസ്ഥാപിതമായാണ് കൈയടക്കിയതെന്ന് എ.ഐ.എം.ഐ.എം പ്രസിഡന്‍റ് അസദുദ്ദീൻ ഉവൈസി പറഞ്ഞു. കർണാടക കലബുറഗിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തർ പ്രദേശിൽ കോൺഗ്രസിന്‍റെ ജി.ബി. പന്ത് മുഖ്യമന്ത്രിയായിരിക്കെയാണ് മസ്ജിദിനകത്ത് വിഗ്രഹം സ്ഥാപിക്കുന്നത്. കെ.കെ. നായരായിരുന്നു അന്ന് അയോധ്യയിലെ കലക്ടർ. അദ്ദേഹം പള്ളി പൂട്ടി അവിടെ ആരാധനക്ക് തുടക്കമിട്ടു. വിശ്വഹിന്ദു പരിഷത്തിന്‍റെ രൂപവത്കരണ കാലത്തുപോലും അവിടെ ക്ഷേത്രമുണ്ടായിരുന്നില്ല. രാമക്ഷേത്രത്തെ കുറിച്ച് മഹാത്മാഗാന്ധി ഒന്നും പറഞ്ഞിരുന്നില്ല.
വളരെ വ്യവസ്ഥാപിതമായാണ് ബാബരി മസ്ജിദ് ഇന്ത്യൻ മുസ്‍ലിംകളിൽനിന്ന് കൈയടക്കിയത്. ജി.ബി. പന്ത് ആ വിഗ്രഹങ്ങൾ എടുത്തുമാറ്റുകയും 1992ൽ ബാബരി മസ്ജിദ് തകർക്കപ്പെടാതിരിക്കുകയും ചെയ്തിരുന്നെങ്കിൽ നമ്മൾക്ക് ഇന്നത്തെ സാഹചര്യം കാണേണ്ടിവരില്ലായിരുന്നു.
എല്ലാ ചൊവ്വാഴ്ചയും ഹനുമാൻ ചാലിസ ചൊല്ലുന്നതിനെക്കുറിച്ച് ‘ഇൻഡ്യ’ സഖ്യത്തിലുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രരിവാൾ പോലും സംസാരിക്കുന്നു. ബാബരി മസ്ജിദിനെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. എല്ലാവരും ഭൂരിപക്ഷ സമുദായത്തിന്‍റെ വോട്ടുറപ്പിക്കാനുള്ള വ്യഗ്രതയിലാണെന്നും ന്യൂനപക്ഷത്തെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും ഉവൈസി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.