ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം (ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ) 25 മണ്ഡലങ്ങളിൽ മത്സരിക്കും. നിലവിൽ മൂന്നു സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ജനതാദൾ -എസുമായി സഖ്യത്തിന് ശ്രമംനടക്കുന്നുണ്ടെന്നും ഇതുവരെ അവരുടെ മറുപടി ലഭിച്ചിട്ടില്ലെന്നും സഖ്യമുണ്ടെങ്കിലും ഇല്ലെങ്കിലും പാർട്ടി ഉറപ്പായും മത്സരിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ഉസ്മാൻ ഗനി പറഞ്ഞു.
2018ലെ കർണാടക തെരഞ്ഞെടുപ്പിൽ എ.ഐ.എം.ഐ.എം മത്സരിക്കാതെ ജെ.ഡി.എസിന് പിന്തുണ നൽകുകയായിരുന്നു. ബിദർ, റായ്ചൂർ, കൽബുറഗി തുടങ്ങിയ മുസ്ലിം വോട്ടുകൾ നിർണായകമായ ഇടങ്ങളിലാണ് സംസ്ഥാനത്ത് എ.ഐ.എം.ഐ.എമ്മിന്റെ സാന്നിധ്യമുള്ളത്. കോൺഗ്രസ് തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ഇതിനാൽ അവരുമായി സഖ്യമുണ്ടാകില്ലെന്നും പാർട്ടി ദേശീയ പ്രസിഡന്റ് അസദുദ്ദീൻ ഉവൈസിയും പ്രതികരിച്ചു. മുസ്ലിംകൾക്കുള്ള നാലു ശതമാനം ഒ.ബി.സി സംവരണം റദ്ദാക്കിയ കർണാടകയിലെ ബി.ജെ.പി സർക്കാറിന്റെ തീരുമാനം പൂർണമായും നിയമലംഘനമാണ്. എന്നാൽ, ഇക്കാര്യത്തിൽ പ്രധാന മതേതര പാർട്ടികളെന്ന് അവകാശപ്പെടുന്നവരൊന്നും പ്രതികരിച്ചില്ല. എ.ഐ.എം.ഐ.എം മത്സരിക്കുന്നതോടെ മുസ്ലിം വോട്ടുകൾ ഭിന്നിക്കില്ലേ എന്ന ചോദ്യത്തിന് ഇക്കാര്യം ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങളുടെ നേതാക്കളോട് എന്താണ് ചോദിക്കാത്തതെന്നായിരുന്നു മറുപടി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ തന്റെ പാർട്ടി മത്സരിച്ചില്ല. എന്നാൽ, കോൺഗ്രസിന് ഒരു സീറ്റ് മാത്രമേ ലഭിച്ചുള്ളൂ. ഇത് മുസ്ലിം വോട്ടുകൾ ഭിന്നിച്ചതിന്റെ ഫലമായാണോ എന്നും ഉവൈസിചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.