പനജി: മുകേഷ് അംബാനി, ഗൗതം അദാനി, രത്തൻ ടാറ്റ, ആദിത്യ ബിർള തുടങ്ങിയ വ്യവസായികളുടെ സമയത്തേക്കാൾ എത്രയോ വിലപ്പെട്ടതാണ് തന്റെ സമയമെന്ന് ബാബ രാംദേവ്. കോർപ്പറേറ്റുകൾ അവരുടെ സമയത്തിന്റെ 99 ശതമാനവും സ്വാർത്ഥതാൽപ്പര്യത്തിനാണ് ചെലവഴിക്കുന്നത്. ഗോവയിലുണ്ടായ ഒരുപരിപാടിക്കിടെയാണ് രാംദേവിന്‍റെ പരാമർശം.
'ഒരു ദർശകൻ സമയം ചെലവഴിക്കുന്നത് എല്ലാവരുടെയും നന്മയ്ക്കാണ്. എന്റെ സമയത്തിന്റെ മൂല്യം അദാനി, അംബാനി, ടാറ്റ, ബിർള എന്നിവരെക്കാൾ വലുതാണ്. കോർപ്പറേറ്റുകൾ അവരുടെ സമയത്തിന്റെ 99 ശതമാനവും സ്വാർത്ഥതാൽപ്പര്യത്തിന് ചെലവഴിക്കുമ്പോൾ സന്യാസിമാർ അവരുടെ സമയം പൊതുനന്മക്കും ജനങ്ങൾക്കും വേണ്ടി ചെലവഴിക്കുന്നു -ബാബ രാംദേവ് പറഞ്ഞു. ആചാര്യ ബാലകൃഷ്ണയെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാംദേവ്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്രമന്ത്രി ശ്രീപദ് നായിക് എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.
കഴിഞ്ഞ ദിവസം ഗോവയിലെ മിരാമർ ബീച്ചിൽ പതഞ്ജലി യോഗസമിതി സംഘടിപ്പിച്ച ചർച്ചയിൽ ബാബ രാംദേവ് മറ്റൊരു വിചിത്ര പരാമർശം നടത്തിയിരുന്നു. കോവിഡ് മഹാമാരിക്ക് ശേഷം കാൻസർ രോഗികൾ വർധിച്ചതായും നിരവധി ആളുകളുടെ കാഴ്ചയും കേൾവി ശക്തിയും നഷ്ടപ്പെട്ടുവെന്നുമാണ് രാംദേവ് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.