ന്യൂഡൽഹി: രാജ്യത്തെ കർഷകർ നമ്മുടെ റിപബ്ലിക് തിരിച്ചുപിടിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുവെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ചരിത്രപരമായ ഡൽഹിയിലെ കർഷകരുടെ ട്രാക്ടർ മാർച്ച് സർക്കാറിന്‍റെ റിപബ്ലിക് ദിനാഘോഷങ്ങളേക്കാൾ മുന്നിട്ടുനിൽക്കുമെന്ന് ഉറപ്പിച്ചു പറയാനാകുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ബ്രിട്ടീഷുകാർക്കൊപ്പം നിന്നവരുടെ പിന്മുറക്കാർ സ്വാതന്ത്ര്യ സമരത്തിന്‍റെയും ഭരണഘടനയുടെയും മൂല്യങ്ങൾക്ക് ഭീഷണിയായെന്ന് മറ്റൊരു ട്വീറ്റിൽ പ്രശാന്ത് ഭൂഷൺ പറഞ്ഞു.
'ധീരരായ എത്രയോ പേർ പങ്കെടുത്ത മഹത്തായ സ്വാതന്ത്ര്യ സമരത്തെയും മഹത്തായ ഭരണഘടനയോട് കൂടി അവർ രൂപം നൽകിയ റിപബ്ലികിനെയും റിപബ്ലിക് ദിനത്തിൽ ഓർക്കുകയാണ്. അന്ന് ബ്രിട്ടീഷിനൊപ്പം നിന്നവരുടെ പിന്മുറക്കാർ ഈ മൂല്യങ്ങൾക്കെല്ലാം ഭീഷണിയായി തീർന്നിരിക്കുന്നു' -പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു.
കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരുടെ നേതൃത്വത്തിൽ രാജ്യ തലസ്ഥാനത്ത് ഇന്ന് ട്രാക്ടർ റാലി നടത്തും. സിംഘു, ടിക്രി, ഗാസിപൂർ അതിർത്തികളിൽനിന്നാകും ട്രാക്ടർ റാലി ആരംഭിക്കുക. അയ്യായിരത്തിലധികം ട്രാക്ടറുകളാണ് ഡൽഹി നഗരത്തിൽ അണിനിരക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.