ന്യൂഡൽഹി: വന്ദേഭാരതിന്റെ നിറംമാറ്റം സംബന്ധിച്ച വാർത്തകൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. കാവി നിറത്തോട് കൂടിയായിരിക്കും ഇനി വന്ദേഭാരത് എക്സ്പ്രസുകൾ പുറത്തിറക്കുകയെന്ന് റെയിൽവേ വ്യക്തമാക്കിയിരുന്നു. എന്നാൽ, പുതിയ കോച്ചുകൾ ഉപയോഗിച്ചുള്ള വന്ദേഭാരത് എക്സ്പ്രസിന്റെ സർവീസ് റെയിൽവേ തുടങ്ങിയിട്ടില്ല. നിലവിൽ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ കോച്ചുകളുടെ നിർമാണം പൂർത്തിയാവുകയാണ്.
കഴിഞ്ഞ ദിവസം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കോച്ച് ഫാക്ടറിയിൽ സന്ദർശനം നടത്തുകയും പുതിയ കോച്ചുകളുടെ നിർമാണ പുരോഗതി വിലയിരുത്തുകയും ചെയ്തു. ഇന്ത്യൻ ദേശീയപതാകയിലെ ത്രിവർണ്ണ നിറത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ വന്ദേഭാരത് കോച്ചുകൾ നിർമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായാണ് പുതിയ വന്ദേഭാരത് കോച്ചുകൾ നിർമിച്ചത്. രാജ്യത്തെ തന്നെ എൻജിനീയർമാരും സാങ്കേതിക പ്രവർത്തകരുമാണ് നിർമാണത്തിനുണ്ടായിരുന്നത്. യാത്രക്കാരിൽ നിന്നും ലഭിച്ച പ്രതികരണങ്ങൾ കൂടി മുൻനിർത്തിയാണ് പുതിയ കോച്ചുകൾ ഡിസൈൻ ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ സുരക്ഷാ ഫീച്ചറുകളും വന്ദേഭാരത് കോച്ചുകളിലുണ്ടാവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം രണ്ട് വന്ദേഭാരത് എക്സ്പ്രസുകളുടെ കൂടി ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചിരുന്നു. ഗൊരഖ്പൂർ-ലക്നോ, ജോധ്പൂർ-സബർമതി റൂട്ടുകളിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസുകളുടെ ഫ്ലാഗ് ഓഫുകളാണ് പ്രധാനമന്ത്രി നിർവഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.