ലക്നോ: കാമ്പസിനകത്തുള്ള മുസ്‍ലിം പള്ളി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വരാണസിയിലെ ഉദയ് പ്രതാപ് കോളജിലെ ഒരു കൂട്ടം വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തെ തുടർന്ന് പ്രക്ഷുബ്ധാവസ്ഥ. ചൊവ്വാഴ്ച പള്ളിയിൽ നമസ്‌കാരം നടക്കുമ്പോൾ വിദ്യാർഥികൾ ഹനുമാൻ ചാലിസ ചൊല്ലുകയായിരുന്നു. തുടർന്നുണ്ടായ സംഘർഷത്തെ തുടർന്ന് ഏഴ് പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച നൂറുകണക്കിന് വിദ്യാർഥികൾ ‘ജെയ് ശ്രീറാം’ വിളിച്ച് കാവി പതാക വീശി കോളജ് ഗേറ്റിന് മുന്നിൽ തടിച്ചുകൂടി. ഇവർ കാമ്പസിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലം വഖഫ് ബോർഡിന്‍റേതല്ലെങ്കിൽ കെട്ടിടം അവിടെ നിന്ന് മാറ്റണമെന്ന് വിദ്യാർഥി നേതാവ് വിവേകാനന്ദ് സിങ് പറഞ്ഞു. പള്ളിയിൽ നമസ്‌കാരം തുടർന്നാൽ ഹനുമാൻ ചാലിസ ചൊല്ലി വിദ്യാർഥികൾ ഇനിയും പ്രതികരിക്കുമെന്നും സിങ് കൂട്ടിച്ചേർത്തു.
തങ്ങളുടെ ആശങ്കകൾ അറിയിക്കാൻ ഒരു കൂട്ടം വിദ്യാർഥികൾ മുന്നോട്ട് വന്നതായും പ്രതിഷേധം അക്രമാസക്തമായെങ്കിലും പൊലീസിന് കാര്യങ്ങൾ ശാന്തമാക്കാൻ കഴിഞ്ഞു എന്നും അസിസ്റ്റന്‍റ് കമീഷണർ വിദുഷ് സക്‌സേന സ്ഥിരീകരിച്ചു. ചില അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർക്കെതിരെ ആവശ്യമായ നടപടിയെടുക്കുമെന്നും എ.സി.പി പറഞ്ഞു. സംഘർഷ സാഹചര്യത്തിൽ കാമ്പസിലേക്ക് പുറത്തുനിന്നുള്ളവരുടെ പ്രവേശനം വ്യാഴാഴ്ച പൊലീസ് നിയന്ത്രിച്ചിരുന്നു. തിരിച്ചറിയൽ കാർഡുള്ള വിദ്യാർഥികളെ മാത്രം അകത്തു കടക്കാൻ അനുവദിച്ചു.
കോളജിലെ വിദ്യാർഥികൾ ‘വിദ്യാർഥി കോടതി’ രൂപീകരിക്കുകയും 15 ദിവസത്തിനകം പള്ളിയുടെ നിലയും അതിന്റെ ഉടമസ്ഥാവകാശവും സംബന്ധിച്ച് മറുപടി നൽകണമെന്നും ആവശ്യപ്പെട്ട് ഉത്തർപ്രദേശ് വഖഫ് ബോർഡിന് കത്ത് അയക്കുകയും ചെയ്തു. പള്ളിയുടെ സ്ഥിതി പരിശോധിക്കാൻ ഉത്തർപ്രദേശ് സെൻട്രൽ വഖഫ് ബോർഡിന് ചൊവ്വാഴ്ച തന്നെ കത്തെഴുതിയതായി അഞ്ജുമാൻ ഇൻതസാമിയ മസ്ജിദ് കമ്മിറ്റി ജോയിന്‍റ് സെക്രട്ടറി മുഹമ്മദ് യാസീൻ പറഞ്ഞു. പള്ളി വഖഫ് സ്വത്താണെന്ന് അവകാശപ്പെടുന്ന 2018ലെ നോട്ടീസ് 2021 ജനുവരി 18 ന് റദ്ദാക്കിയതായി ഉത്തർപ്രദേശ് സെൻട്രൽ വഖഫ് ബോർഡ് വ്യക്തമാക്കി.നിലവിലെ വിവാദത്തിന് ഒരു കാരണവുമില്ലെന്നും യാസീൻ അവകാശപ്പെട്ടു.
കോളജ് കാമ്പസിനുള്ളിലെ പള്ളിയിൽ ‘പുറത്തുള്ളവർ’ പ്രാർഥന നടത്തുന്നതിനെതിരെ വിദ്യാർഥികൾ പ്രതിഷേധിച്ചതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തത്. കാമ്പസിലേക്ക് പ്രവേശിക്കുന്നവരുടെ ഐഡന്‍റിറ്റി പരിശോധിച്ചുറപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോളജ് മാനേജ്‌മെന്‍റ്, അഡ്മിനിസ്ട്രേഷനെ സമീപിച്ചിട്ടുണ്ടെന്നും കൂടുതൽ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസ് ജാഗ്രത പാലിക്കുന്നുണ്ടെന്നും ഒരു പ്രാദേശിക ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.