ബി.ജെ.പിക്കെതിരെ വീണ്ടും വരുൺ ഗാന്ധി: 'നമ്മൾ വില കുറഞ്ഞ രാഷ്ട്രീയം കളിക്കരുത്​; ലഖിംപൂർ വിഷയം ഹിന്ദു-സിഖ് യുദ്ധമാക്കി മാറ്റുന്നത്​ അധാർമികം, അവാസ്​തവം, അപകടകരം'

ലഖ്​നോ: ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനം കയറ്റി​ കൊന്ന സംഭവത്തിൽ പാർട്ടിയെ പ്രതിക്കൂട്ടിലാക്കി പ്രതികരണം നടത്തിയ ബി.ജെ.പി നേതാവ്​ വരുൺ ഗാന്ധി വീണ്ടും രംഗത്ത്​. വണ്ടിയോടിച്ച്​ കൊല്ലുന്നതിന്‍റെ വീഡിയോകൾ ട്വിറ്ററിൽ പങ്കുവച്ചതിന് പിന്നാലെ ബി.ജെ.പി ദേശീയ നിർവാഹക സമിതിയിൽ നിന്ന് വരുൺ ഗാന്ധിയെ ഒഴിവാക്കിയിരുന്നു. അമ്മ മനേകാ ഗാന്ധിക്കും പുനഃസംഘടനയിൽ ഇടം കിട്ടിയിരുന്നില്ല. ഇതിന്​ പിന്നാലെയാണ്​ ലഖിംപൂർ ഖേരി വിഷയം ഹിന്ദു-സിഖ് യുദ്ധമായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് പിലിഭിത്ത് എം.പി കൂടിയായ വരുൺ ഗാന്ധി ട്വിറ്ററിൽ അഭിപ്രായപ്പെട്ടത്​. സ്വന്തം നേട്ടത്തിനു വേണ്ടി ഇത്തരം വില കുറഞ്ഞ രാഷ്ട്രീയം കളിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'ലഖിംപൂർ ഖേരി വിഷയം ഹിന്ദു-സിഖ് യുദ്ധമാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നു. ഇത് അധാർമികവും വസ്തുതാവിരുദ്ധവുമാണ് എന്നു മാത്രമല്ല, അപകടകരവുമാണ്. തലമുറകളെടുത്ത് ഉണങ്ങിയ മുറിവുകൾ വീണ്ടും തുറക്കാനേ ഉപകരിക്കൂ. നമ്മൾ ദേശീയ ഐക്യം മറന്ന്​ വില കുറഞ്ഞ രാഷ്ട്രീയം കളിക്കരുത്'- എന്നാണ് എംപിയുടെ ട്വീറ്റ്.



വിഷയത്തിൽ ബി.ജെ.പി നേതൃത്വത്തെ തള്ളി, കർഷകർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച നേതാവാണ് വരുൺ. നേരത്തെ, കർഷകർക്ക് മേൽ വാഹനമിടിച്ചു കയറ്റുന്ന രണ്ട് വീഡിയോ ദൃശ്യങ്ങൾ വരുൺ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. വീഡിയോ സുവ്യക്തമാണ് എന്നും പ്രതിഷേധക്കാരെ കൊല ചെയ്ത് നിശ്ശബ്ദമാക്കാനാകില്ല എന്നും അദ്ദേഹം കുറിച്ചിരുന്നു. 'ലഖിംപൂർ ഖേരിയിൽ കർഷകരുടെ ഇടയിലേക്ക് ബോധപൂർവം വാഹനം ഇടിച്ചുകയറ്റുന്ന ഈ ദൃശ്യം ആരുടെയും ഉള്ളുലയ്ക്കും. പൊലീസ് ഈ വീഡിയോ ശ്രദ്ധിക്കുക. ഈ വാഹനങ്ങളുടെ ഉടമകളെയും അവയിൽ ഇരിക്കുന്നവരെയും ഈ കേസിൽ ഉൾപ്പെട്ട മറ്റ് ആളുകളെയും ഉടൻ അറസ്റ്റ് ചെയ്യണം'- എന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. കേന്ദ്രമന്ത്രി അജയ്​മിശ്രയുടെ മകൻ ആശിഷ് മിശ്രയെ പ്രതിക്കൂട്ടിൽ നിർത്തുന്നതായിരുന്നു വരുൺ പങ്കുവച്ച വീഡിയോകൾ.

Tags:    
News Summary - Varun gandhi says We must not put petty political gains above national unity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.