ജയ്പൂർ: മൂന്നുവർഷങ്ങൾക്ക് ശേഷം സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനൊരുങ്ങി രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ. 2018ൽ ബി.ജെ.പിക്ക് ഭരണം നഷ്ടമായ ശേഷം സജീവ രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നില്ല രാജെ.
പാർട്ടിക്കുള്ളിലെ മുഖ്യമന്ത്രി സ്ഥാനാർഥി മോഹികളെക്കുറിച്ചായിരുന്നു രാജെയുടെ പ്രതികരണം. രണ്ടു ദിവസത്തെ ജോധ്പൂർ സന്ദർശനത്തിലാണ് രാെജ മൗനം വെടിഞ്ഞത്. ജനങ്ങൾ വിശ്വാസവും സ്നേഹവും നൽകുന്നവർക്ക് മാത്രമേ മേലങ്കി ഏറ്റെടുക്കാൻ കഴിയുവെന്നായിരുന്നു രാജെയുടെ പ്രതികരണം.
മരുമകളുടെ രോഗം കാരണമാണ് താൻ രാഷ്ട്രീയത്തിൽനിന്ന് ഇത്രയും കാലം വിട്ടുനിന്നതെന്നും രാജെ പറഞ്ഞു. ജോധ്പൂരിൽ രാജെയെ സ്വീകരിക്കാൻ നിരവധി ബി.ജെ.പി പ്രവർത്തകർ എത്തിയിരുന്നു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന് തയാറെടുക്കാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്യുകയും ചെയ്തു. ഭരണകക്ഷിയായ
കോൺഗ്രസിലെ വിഭാഗീയതയെക്കുറിച്ചുള്ള ചോദ്യത്തിന് അത് അവരുടെ ആഭ്യന്തര പ്രശ്നമാണെന്നായിരുന്നു അവരുടെ പ്രതികരണം. എങ്കിലും കോൺഗ്രസ് മുങ്ങുന്ന കപ്പലാണെന്നും ബി.ജെ.പിക്ക് ഉയർന്ന ഗിയറിലേക്ക് മാറാനാകുമെന്നും രാജെ പ്രതികരിച്ചു.
കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെകാവത്തിന്‍റെ മാതാവിന്‍റെയും രാജസ്ഥാൻ മുൻ കാബിനറ്റ് മന്ത്രി മഹിപാൽ മദേനയുടെയും മരണത്തിൽ അനുശോചനം അറിയിക്കാൻ എത്തിയതായിരുന്നു ജോധ്പൂരിൽ രാജെ. ഇരു കുടുംബങ്ങളെയും സന്ദർശിച്ച് ആദരാജ്ഞലികൾ അർപ്പിച്ച ശേഷമായിരുന്നു മടക്കം.
2023ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കമാണ് രാജെയുടെ ജോധ്പൂർ സന്ദർശനമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.