'പരാമർശം ഹിന്ദുവിഭാഗത്തിനല്ല സംഘപരിവാറിന്‍റെ ഹിന്ദുത്വ അജണ്ടക്കെതിരെ'; സനാതനധർമ പരാമർശത്തിൽ ഉദയനിധിക്ക് പിന്തുണയുമായി തോൾ തിരുമാവളവൻ

ചെന്നൈ: സനാതനധർമത്തെ വിമർശിച്ച തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് പിന്തുണയുമായി വിടുതലൈ ചിരുതൈഗൾ കച്ഛി നേതാവ് തോൾ തിരുമാവളവൻ. ഹിന്ദു ധർമം, അഥവാ സനാതന ധർമം എന്നത് പകർച്ചവ്യാധിയാണ്. പകർച്ചവ്യാധികളെ ഉന്മൂലനം ചെയ്യാതെ രാജ്യത്ത് ജനങ്ങൾക്കിടയിൽ തുല്യതയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഉദയനിധി സ്റ്റാലിൻ മുന്നോട്ട് വെച്ചത് പെരിയാറിന്‍റേയും ഡോ. ബി.ആർ അംബേദ്കറിന്‍റേയും പ്രത്യയശാസ്ത്രങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"സനാതന ധർമവും ഹിന്ദു ധർമവും ഒരുതരം പകർച്ചവ്യാധിയാണെന്നാണ് ഡോ. അംബേദ്കർ പറഞ്ഞിട്ടുള്ളത്. രാജ്യത്തിന്‍റെ നല്ല ഭാവിക്കായി ഇവയെ പൂർണമായും ഇല്ലാതാക്കിയേ പറ്റൂ. എങ്കിൽ മാത്രമേ രാജ്യത്തെ ജനങ്ങൾക്കിടയിൽ ഐക്യവും ഒത്തൊരുമയും ക്രമസമാധാനവും ഉണ്ടാകൂ. ഉദയനിധി സ്റ്റാലിൻ പറഞ്ഞത് പെരിയാറിന്‍റേയും അംബേദ്കറിന്‍റേയും പ്രത്യയശാസ്ത്രങ്ങളാണ്, ഒത്തൊരുമയുടേയും ഐക്യത്തിന്‍റേയും പ്രത്യയശാസ്ത്രമാണ്. ഈ പരാമർശങ്ങൾ ഹിന്ദു വിഭാഗത്തിനെതിരല്ല. മറിച്ച് സംഘ പരിവാർ അജണ്ടയ്ക്ക് എതിരെയാണ്. അവരുടെ അജണ്ട മറ്റൊന്നുമല്ല ഹിന്ദുത്വമാണ്. ആർ.എസ്.എസിന്‍റേയും ബി.ജെ.പിയുടേയും രാഷ്ട്രീയ അജണ്ടയായ ഹിന്ദുത്വത്തിനെതിരെയാണ് ഞങ്ങൾ" - തോൾ തിരുമാവളവൻ പറഞ്ഞു.

തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറം സംഘടിപ്പിച്ച സനാതനധർമ അബോലിഷൻ കോൺക്ലേവിൽ സംസാരിക്കുന്നതിനിടെയായിരുന്നു ഉദയനിധി സ്റ്റാലിൻ സനാതനധർമത്തെ ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞത്. സനാതന ധർമത്തെ എതിർക്കാനല്ല മറിച്ച് ഉന്മൂലനം ചെയ്യണമെന്ന് മുൻനിർത്ത് പരിപാടി സംഘടിപ്പിച്ചവർക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എതിർക്കാനല്ലാതെ പൂർണമായും നിർമാർജനം ചെയ്യപ്പെടേണ്ട ചില കാര്യങ്ങൾ നമുക്ക് ചുറ്റുമുണ്ട്. കൊതുക്, മലേറിയ, കൊറോണ, ഡെങ്കി തുടങ്ങിയവയെ നമുക്ക് എതിർക്കാൻ സാധിക്കില്ല. അവയെ പൂർണമായും ഇല്ലാതാക്കുക തന്നെ വേണം. സനാതനവും അത്തരത്തിലൊന്നാണ്. എതിർക്കുന്നതല്ല സനാതനം നിർമാർജനം ചെയ്യുന്നതായിരിക്കണം നമ്മുടെ പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - VCK chief thol thirumavalavan backs Udayanidhi's sanatan dharma remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.