ഓവുചാലിലെ അഴുക്കുവെള്ളത്തിൽ മല്ലിയില കഴുകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ പച്ചക്കറി കച്ചവടക്കാരനെതിരെ നടപടി. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലാണ് സംഭവം.
വിൽപ്പനക്ക് വെച്ച മല്ലിയിലകൾ ഓവുചാലിലെ അഴുക്കുവെള്ളത്തിൽ കഴുകിയെടുക്കുന്ന ദൃശ്യം സമീപത്തുണ്ടായിരുന്ന ഒരാളാണ് പകർത്തിയത്. ഇങ്ങനെ ചെയ്യരുതെന്നും ആളുകൾക്ക് അസുഖം വരുമെന്നും വിഡിയോ പകർത്തുന്നയാൾ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും കച്ചവടക്കാരൻ ഇത് അവഗണിക്കുകയായിരുന്നു.
ട്വിറ്ററിൽ വിഡിയോ പ്രചരിച്ചതോടെ ഭോപ്പാൽ ജില്ല ഭരണകൂടത്തിന്‍റെ ശ്രദ്ധയിലുമെത്തി. ജില്ല കലക്ടർ അവിനാഷ് ലവാനിയ ഇതുസംബന്ധിച്ച് അന്വേഷിക്കാൻ പൊലീസിനും കോർപറേഷനും നിർദേശം നൽകുകയായിരുന്നു.
നവ് ബഹാർ മേഖലയിൽ വിൽപന നടത്തുന്ന ധർമേന്ദ്ര എന്നയാളാണ് പച്ചക്കറി കച്ചവടക്കാരനെന്ന് പൊലീസ് കണ്ടെത്തി. വിഡിയോ വൈറലായതോടെ ഇയാൾ വീട്ടിൽ നിന്ന് മാറിനിൽക്കുകയാണ്. ഇയാളുടെ ഫോണും ഓഫാണ്. ഇയാളെ എത്രയും വേഗം കണ്ടെത്തി നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.