പുണെ: അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടിയ സാമൂഹികപ്രവർത്തകനും യുക്തിവാദിയുമായ ഡോ. നരേന്ദ്ര ധബോൽക്കറെ വെടിവെച്ച് കൊന്ന കേസിൽ രണ്ടുപേർക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും. മൂന്നു പ്രതികളെ വെറുതെ വിട്ടു. സച്ചിൻ അന്ദുരെ , ശരത് കലസ്കർ എന്നിവരെയാണ് ജീവപര്യന്തം തടവിനും പിഴയടക്കാനും ശിക്ഷിച്ചത്. ഇ.എൻ.ടി സർജൻ താവ്‌ഡെ, സഞ്ജീവ് പുനലേക്കർ, വിക്രം ഭാവെ എന്നിവരെയാണ് തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടത്. യു.എ.പി.എ കേസുകൾ പരിഗണിക്കുന്ന അഡീഷനൽ സെഷൻസ് പ്രത്യേക കോടതി ജഡ്ജി പി.പി. ജാദവാണ് വിധിപറഞ്ഞത്. കൊലപാതകം നടന്ന് 11 വർഷത്തിന് ശേഷമാണ് വിധി.
യു.എ.പി.എയിലെ ചില വകുപ്പുകൾ കേസിൽ ചേർത്തിട്ടുണ്ടെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം ഇവ തെളിയിക്കാനായില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തിയ തീവ്ര ഹിന്ദുത്വ സംഘടനായായ സനാതൻ സൻസ്തയുമായി ബന്ധമുള്ള താവ്ഡെക്കെതിരെ സംശയിക്കാവുന്ന നിരവധി കാര്യങ്ങളുണ്ടെങ്കിലും ഇക്കാര്യം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. പുനലേക്കർ, വിക്രം ഭാവെ എന്നിവരുടെ കാര്യത്തിലും സംശയിക്കാവുന്ന കാര്യങ്ങളുണ്ടെങ്കിലും തെളിവുകളുടെ അഭാവത്തിൽ വെറുതെ വിടുകയാണെന്നും കോടതി പറഞ്ഞു. വിചാരണവേളയിൽ കൊലപാതകത്തെ ന്യായീകരിക്കുന്ന ചില പ്രസ്താവനകൾ ഉണ്ടായത് ഖേദകരമാണെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.
2013 ആഗസ്റ്റ് 20 നാണ് കേസിനാസ്പദമായ സംഭവം. പുണെയിലെ ഓംകാരേശ്വർ പാലത്തിൽ പ്രഭാത നടത്തത്തിനിടെ ബൈക്കിലെത്തിയ സംഘം ധബോൽക്കറെ വെടിവെച്ചുകൊല്ലുകയായിരുന്നു. താവ്ഡെയാണ് കൊലപാതകത്തിന്റെ സൂത്രധാരന്മാരിൽ ഒരാളെന്നും ധബോൽക്കറുടെ സംഘടനയായ മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതി (അന്ധവിശ്വാസ നിർമാർജന സമിതി) നടത്തുന്ന പ്രവർത്തനങ്ങളോടുള്ള എതിർപ്പാണ് കൊലയിലേക്ക് നയിച്ചതെന്നുമാായിരുന്നു പ്രോസിക്യൂഷൻ വാദം. പുണെ പൊലീസാണ് തുടക്കത്തിൽ കേസന്വേഷിച്ചത്. ബോംബെ ഹൈകോടതി ഉത്തവരനുസരിച്ച് 2014 ൽ സി.ബി.ഐ അന്വേഷണം ഏറെറ്റടുക്കുകയായിരുന്നു. കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്ന് പ്രതികൾക്ക് വേണ്ടി ഹാജരായ വീരേന്ദ്ര ഇച്ചൽകരഞ്ജിക്കർ വാദിച്ചു. വധശിക്ഷ ആവശ്യപ്പെടുന്നില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പ്രകാശ് സൂര്യവൻഷിയും പറഞ്ഞു.
കൊലപാതകത്തിന്റെ സൂത്രധാരന്മാർ ഇപ്പോഴും ഒളിവിലാണെന്നും വിധിക്കെതിരെ ഹൈകോടതിയിൽ അപ്പീൽ നൽകുമെന്നും ധബോൽക്കറിന്റെ മകൾ മുക്ത പറഞ്ഞു. സൂത്രധാരന്മാരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നില്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്ന് മകൻ ഹമീദ് ധബോൽക്കർ പറഞ്ഞു.
ധബോൽക്കറുടെ കൊലപാതകത്തിന് ശേഷം അടുത്ത നാല് വർഷത്തിനുള്ളിൽ കമ്മ്യൂണിസ്റ്റ് നേതാവ് ഗോവിന്ദ് പൻസാരെ (കൊലാപ്പൂർ, ഫെബ്രുവരി 2015), കന്നഡ പണ്ഡിതനും എഴുത്തുകാരനുമായ എം.എം. കൽബുർഗി (ധാർവാഡ്, ഓഗസ്റ്റ് 2015), മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് (ബംഗളൂരു, സെപ്റ്റംബർ 2017) എന്നീ മറ്റ് മൂന്ന് യുക്തിവാദി/ആക്ടിവിസ്റ്റ് കൊലപാതകങ്ങൾ നടന്നു. ഈ നാല് കേസുകളിലെയും പ്രതികൾക്ക് പരസ്പര ബന്ധമുണ്ടെന്ന് സംശയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.