കൊൽക്കത്ത: ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുതിർന്ന ബംഗാളി ഗായിക സന്ധ്യ മുഖർജിയുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്. ശ്വാസതടസവും ശ്വാസകോശ അണുബാധയെയും തുടർന്നാണ് സന്ധ്യ മുഖർജിയെ കൊൽക്കത്തയിലെ എസ്.എസ്.കെ.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ചതോടെ ഇവരെ അപോളോ ആശുപത്രിയിലേക്ക് മാറ്റിയെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.
കോവിഡ് സ്ഥിരീകരിച്ചതോടൊപ്പം നേരിയ ഹൃദയാഘാതവുമുണ്ടായതായി മമത ബാനർജി പറഞ്ഞു. തുടർന്നാണ് വിദഗ്ധ ചികിത്സക്കായി അപോളോ ആശുപത്രിയിലേക്ക് മാറ്റിയത്. ജനുവരി 23ന് ഇവർ കുളിമുറിയിൽ വീണിരുന്നു. തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി.
ഹൃദയത്തിന്‍റെയും ശ്വാസകോശത്തിന്‍റെയും നില തൃപ്തികരമല്ലെന്നും ആരോഗ്യാവസ്ഥ വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണെന്നും അപോളോ ആശുപത്രിയിലെ ഡോക്ടർ പറഞ്ഞു.
90കാരിയായ ഗായിക ഈയിടെ പത്മ പുരസ്കാരം നിരസിച്ചതോടെ വാർത്തകളിൽ നിറഞ്ഞിരുന്നു. പ്രഖ്യാപനത്തിനു മുമ്പ് ബന്ധപ്പെട്ട മുതിർന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനോട് ഇക്കാര്യം അറിയിച്ചിരുന്നതായി സന്ധ്യ മുഖർജിയുടെ മകൾ സൗമി സെൻഗുപ്തയാണ് മാധ്യമങ്ങളെ അറിയിച്ചത്. ബംഗാളി ഗാനരംഗത്ത് പതിറ്റാണ്ടുകൾ നിറഞ്ഞു നിന്ന് 90 വയസ്സെത്തി നിൽക്കുന്ന മാതാവിന് ഇപ്പോൾ പത്മശ്രീ നൽകുന്നത് അവരോടുള്ള അനാദരവായിരിക്കുമെന്നാണ് സൗമി സെൻഗുപ്ത പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.