ന്യൂഡൽഹി: ഏറ്റവും കൂടുതൽ കാലം ബി.ജെ.പിയുടെ പ്രസിഡന്‍റ് പദം അലങ്കരിച്ച മുതിർന്ന നേതാവ് എൽ.കെ. അദ്വാനിക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രിമാരും. 95ാം പിറന്നാൾ ദിനത്തിൽ നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും അദ്വാനിയുടെ വസതിയിൽ നേരിട്ടെത്തിയാണ് ആശംസകൾ അറിയിച്ചത്.
അദ്വാനി ജിയുടെ വസതി സന്ദർശിക്കുകയും അദ്ദേഹത്തിന് ജന്മദിനാശംസകൾ നേരുകയും ചെയ്തു. നല്ല ആരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടി ദൈവത്തോട് പ്രാർഥിക്കുന്നു. ബി.ജെ.പിയുടെ മുതിർന്ന നേതാവിനെ പാർട്ടിയുടെ ശില്പി എന്ന് പോലും വിളിക്കാമെന്ന് രാജ്‌നാഥ് സിങ് സമൂഹമാധ്യമത്തിൽ കുറിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള പാർട്ടി നേതാക്കളും ആശംസകൾ നേർന്നു.
രാജ്യത്തിന്റെ വികസനത്തിന് വിലമതിക്കാനാകാത്ത സംഭാവനകൾ അദ്വാനി നൽകിയെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. പ്രചോദനത്തിന്റെ ഉറവിടമാണ് അദ്വാനിയെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. യു.പി.എ സർക്കാരിന്റെ കാലത്ത് ആരോപിക്കപ്പെടുന്ന അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ 2011ൽ അദ്വാനി നടത്തിയ ജൻ ചേത്‌ന യാത്രയെക്കുറിച്ച് ധനമന്ത്രി നിർമല സീതാരാമൻ ഓർമിപ്പിച്ചു.
ഇന്നത്തെ പാകിസ്താന്റെ ഭാഗമായ കറാച്ചിയിൽ 1927-ൽ ജനിച്ച അദ്വാനി ചെറുപ്പത്തിൽ തന്നെ ആർ.എസ്.എസിൽ ചേരുകയും തുടർന്ന് ജനസംഘത്തിൽ പ്രവർത്തിക്കുകയുമായിരുന്നു. 1980ൽ ബി.ജെ.പി രൂപീകരിച്ചപ്പോൾ സ്ഥാപക അംഗമായിരുന്നു. രാമക്ഷേത്രം പണിയുന്നതിനെ പിന്തുണച്ച് അയോധ്യയിൽ 1990ൽ നടത്തിയ 'രഥയാത്ര' വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.