ന്യൂഡൽഹി: വിശ്വഹിന്ദു പരിഷത്ത് നേതൃപദവിയിൽ പ്രവീൺ തൊഗാഡിയയുടെ അപ്രമാദിത്വത്തിന് അറുതികുറിച്ച് അധികാരമാറ്റം. 52 വർഷത്തിനുശേഷം ആദ്യമായി നടന്ന തെരഞ്ഞെടുപ്പിൽ അന്താരാഷ്ട്ര പ്രസിഡൻറായി മുൻ മധ്യപ്രദേശ് ഹൈകോടതി ജഡ്ജി വിഷ്ണു സദാശിവ് കോക്ജെ തെരഞ്ഞെടുക്കപ്പെട്ടു. തെൻറ വിശ്വസ്തനും നിലവിലെ അന്താരാഷ്ട്ര പ്രസിഡൻറുമായ രാഘവ റെഡ്ഡി പരാജയപ്പെട്ടതോടെ സ്ഥാനം തെറിക്കുമെന്ന് ഉറപ്പായ തൊഗാഡിയ പദവി ഒഴിയുന്നതായി പ്രഖ്യാപിച്ചു. മൂന്നു പതിറ്റാണ്ടിലേറെ കാലം സംഘടനയുടെ മുൻനിര പദവികളിലിരുന്ന തൊഗാഡിയ മാധ്യമപ്രവർത്തകർക്കുമുന്നിലാണ് രാജി അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ കൊല്ലാൻ ശ്രമിക്കുന്നുവെന്ന് പരസ്യമായി ആരോപണമുന്നയിച്ചതിനു പിന്നാലെ തൊഗാഡിയയെ വി.എച്ച്.പി നേതൃസ്ഥാനത്തുനിന്ന് മാറ്റാൻ ആർ.എസ്.എസ് നടത്തിയ നീക്കമാണ് തെരഞ്ഞെടുപ്പിൽ ഫലംകണ്ടത്. ഡിസംബർ 29ന് ഭുവനേശ്വറിൽ പാർട്ടി നിര്‍വാഹക സമിതി യോഗത്തില്‍ പ്രസിഡൻറായി മുൻ ഹിമാചൽ പ്രദേശ് ഗവർണർകൂടിയായ കോക്ജെയെ െഎകകണ്ഠ്യേന തെരെഞ്ഞടുക്കാന്‍ ശ്രമം നടന്നുവെങ്കിലും തൊഗാഡിയയെ പിന്തുണക്കുന്നവർ എതിർത്തിരുന്നു.
തുടർന്നാണ് ഗുഡ്ഗാവില്‍ വി.എച്ച്.പി സമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് നടന്നത്. വോട്ടിങ്ങിന് അധികാരമുള്ള 192 പേരിൽ 131 പേരും കോക്ജെയെ പിന്തുണച്ചപ്പോൾ തൊഗാഡിയ പക്ഷക്കാരനായ പ്രസിഡൻറ് സ്ഥാനാർഥി രാഘവ റെഡ്ഡിക്ക് 60 വോട്ട് മാത്രമാണ് നേടാൻ കഴിഞ്ഞത്. റെഡ്ഡി പരാജയപ്പെട്ടാൽ താനുണ്ടാവില്ലെന്ന് തൊഗാഡിയ വ്യക്തമാക്കിയിരുന്നു. രാഘവ റെഡ്ഡി 2011ൽ പ്രസിഡൻറ് ആയപ്പോഴാണ് പ്രവീൺ തൊഗാഡിയയെ വർക്കിങ് പ്രസിഡൻറാക്കിയത്.
ഫലം വന്നതോടെ പുതിയ എക്സിക്യൂട്ടിവ് അംഗങ്ങളുടെ പട്ടികയും കോക്ജെ സമർപ്പിച്ച് അംഗീകാരം നേടിയിട്ടുണ്ട്. വി.എച്ച്.പി വർക്കിങ് പ്രസിഡൻറായി അലോക് കുമാറും വർക്കിങ് പ്രസിഡൻറ് (വിദേശം) ആയി അശോക് റാവു ചൗഗുലെയും നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്. മിലിന്ദ് പരന്ദെ ജനറൽ സെക്രട്ടറിയും വിനായക് റാവു ദേശ്പാണ്ഡെ ഒാർഗനൈസേഷനൽ ജനറൽ സെക്രട്ടറിയുമാകും.
തൊഗാഡിയയെ ഒഴിവാക്കുന്നതിന് ആർ.എസ്.എസ് നേതൃത്വം വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിച്ചുവെന്ന് രാഘവറെഡ്ഡി ആരോപിച്ചിരുന്നു. 212 അംഗ പട്ടികയിലേക്ക് 37 വ്യാജ വോട്ടര്‍മാരെ തിരുകിക്കയറ്റിയെന്നും റെഡ്ഡി ആരോപിച്ചു. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായി തൊഗാഡിയയും ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.