മുഹമ്മദ് ഫാസിൽ, സുഹാസ് ഷെട്ടി

ഫാസിൽ വധം: പ്രതി സുഹാസ് ഷെട്ടി വി.എച്ച്.പിയിൽ സജീവ സാന്നിധ്യമെന്ന് നേതാക്കൾ

മംഗളൂരു: കർണാടകയിലെ മുഹമ്മദ് ഫാസിൽ വധക്കേസിലെ മുഖ്യപ്രതി സുഹാസ് ഷെട്ടി വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി), ബജ്റംഗ്ദൾ സംഘടനകളുടെ പരിപാടികളിൽ സ്ഥിരം സന്ദർശകനായിരുന്നുവെന്ന് വി.എച്ച്.പി നേതാക്കളുടെ സ്ഥിരീകരണം. ജൂ​ലൈ 28നാണ് സൂറത്ത്കലിൽ 23 കാരനായ ഫാസിൽ വെട്ടേറ്റു മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഷെട്ടി ഉൾപ്പെടെ ആറുപേരെ ആഗസ്റ്റ് രണ്ടിന് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പ്രതികളുടെ രാഷ്ട്രീയ ബന്ധം പൊലീസ് ഇതുവ​രെ വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ, വിഎച്ച്പി സംഘടിപ്പിക്കുന്ന പരിപാടികൾക്ക് സുഹാസ് ഷെട്ടി പതിവായി വരാറുണ്ടായിരുന്നുവെന്ന് വി.എച്ച്.പിയുടെ മംഗളൂരു സെക്രട്ടറി ശരൺ പമ്പ്വെൽ 'ദി ക്വിന്റി'നോട് പറഞ്ഞു. "വി.എച്ച്.പി സംഘടിപ്പിക്കുന്ന പരിപാടികൾക്ക് സുഹാസ് ഷെട്ടി വരാറുണ്ടായിരുന്നു. വി.എച്ച്.പിയും ബജ്‌റംഗ്ദളും സംഘടിപ്പിക്കുന്ന പരിപാടികൾക്ക് നിരവധി ഹിന്ദു യുവാക്കൾ എത്തുന്നുണ്ട്. ഷെട്ടി സംഘടനയിൽ അംഗമായിരുന്നില്ല' -ശരൺ പറഞ്ഞു.

സുള്ള്യയിൽ മസൂദ് എന്ന മലായി യുവാവിനെ ഒരുസംഘം മർദിച്ച് കൊന്നതോടെയാണ് ദക്ഷിണ കന്നഡയിൽ അക്രമസംഭവങ്ങൾ അരങ്ങേറിയത്. ഇതിനുപിന്നാലെ ബെല്ലാരെയിൽ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടു. രണ്ട് ദിവസത്തിന് ശേഷമാണ് ഫാസിൽ ​കൊല്ല​പ്പെട്ടത്.

സുഹാസ് ഷെട്ടിയുടെ ക്രിമിനൽ റെക്കോർഡ്

കൊലപാതകം നടത്താൻ വി.എച്ച്.പി സുഹാസിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ശരൺ പമ്പ്വെൽ പറഞ്ഞു. "പ്രവീൺ കൊല്ലപ്പെട്ടതിന് ശേഷം ധാരാളം ഹിന്ദു യുവാക്കൾ രോഷാകുലരായിരുന്നു. ഫാസിൽ വധം ഇതിന്റെ പ്രതികാരമാകാം' -ശരൺ പറഞ്ഞു.

കൊലക്കേസ് ഉൾപ്പെടെ നാല് കേസുകളിൽ പ്രതിയാണ് ഷെട്ടിയെന്ന് മംഗളൂരു പൊലീസ് പറഞ്ഞു. ഇയാളുടെ നാടായ ബജ്‌പെയിൽ കൊലപാതകക്കേസിൽ പ്രതിയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഷെട്ടിയെ 2020 മേയിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2021ൽ ജാമ്യത്തിൽ പുറത്തിറങ്ങി.

പ്രതിയുടെ ക്രിമിനൽ റെക്കോർഡിനെ കുറിച്ച് തങ്ങൾക്ക് അറിയി​ല്ലെന്ന് വി.എച്ച്.പി നേതാവ് പറഞ്ഞു. "ഈ വ്യക്തിയുടെ പശ്ചാത്തലത്തെക്കുറിച്ച് ഞങ്ങൾക്ക് ഒന്നും അറിയില്ലായിരുന്നു. ഞങ്ങൾ അത് പരിശോധിച്ചിട്ടില്ല" -ശരൺ പമ്പ്വെൽ പറഞ്ഞു. പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിന് ശേഷം ഷെട്ടിയും മറ്റ് പ്രതികളും പ്രതികാരക്കൊല ചെയ്യാൻ പദ്ധതി തയാറാക്കിയതായി പൊലീസ് പറഞ്ഞു.

കേസിലെ മറ്റ് പ്രതികളും വിഎച്ച്പി പരിപാടികളിൽ പങ്കെടുത്തിരിക്കാൻ സാധ്യതയുണ്ടെന്ന് ശരൺ പറഞ്ഞു. മോഹൻ (26), ഗിരിധർ (23), അഭിഷേക് (21), ശ്രീനിവാസ് (23), ദീക്ഷിത് (21) എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. കൊലയാളികൾക്ക് കാർ വാടകയ്ക്ക് നൽകിയതിന് മറ്റൊരു പ്രതിയായ അജിത് ക്രാസ്റ്റയെ ആഗസ്റ്റ് ഒന്നിന് അറസ്റ്റ് ചെയ്തിരുന്നു.

Tags:    
News Summary - VHP in Karnataka Claims Fazil Murder Case Accused ‘Frequented' Its Programmes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.