ചെന്നൈ: തമിഴ്നാട്ടിൽ സർവകലാശാല വൈസ് ചാൻസലർ പദവികൾ 40-50 കോടി രൂപക്ക് വിറ്റു എന്ന മുൻ ഗവർണർ ബൻവാരിലാൽ പുരോഹിതിന്റെ വെളിപ്പെടുത്തൽ വിവാദമായി. പഞ്ചാബ് കാർഷിക സർവകലാശാല വൈസ് ചാൻസലറുടെ നിയമനവുമായി ബന്ധപ്പെട്ട് എ.എ.പി സർക്കാറുമായുള്ള തർക്കം മുറുകുന്ന സാഹചര്യത്തിലാണ് നിലവിൽ പഞ്ചാബ് ഗവർണറായ പുരോഹിത് ഈ പ്രസ്താവന നടത്തിയത്. 'നാലു വർഷം ഞാൻ തമിഴ്നാട് ഗവർണറായിരുന്നു. അവിടെ സ്ഥിതിഗതികൾ വളരെ മോശമായിരുന്നു. തമിഴ്നാട്ടിൽ വൈസ് ചാൻസലർ സ്ഥാനം 40-50 കോടി രൂപക്കാണ് വിറ്റത്' -പുരോഹിത് ആരോപിച്ചു.
ബി.ജെ.പിയുടെ സഖ്യകക്ഷിയായ അണ്ണാ ഡി.എം.കെ അധികാരത്തിലിരിക്കെയാണ് 2017 മുതൽ 2021 വരെ പുരോഹിത് തമിഴ്നാട് ഗവർണറായിരുന്നത്. നിയമനങ്ങളിൽ അഴിമതി നടന്നിട്ടുണ്ടെങ്കിൽ മുഴുവൻ ഉത്തരവാദിത്തവും അന്നത്തെ ഗവർണർക്കാണെന്ന് അണ്ണാ ഡി.എം.കെ സർക്കാറിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.പി. അൻപഴകൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.