പട്ന: ജാതി സെൻസസിന് ബിഹാർ സർക്കാർ അനുമതി നൽകിയതിന് പിന്നാലെ ഇത് തന്‍റെ പിതാവ് ലാലു പ്രസാദ് യാദവിന്‍റെയും സംസ്ഥാനത്തെ ജനങ്ങളുടെയും വിജയമാണെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. തുടക്കം മുതലുള്ള ഞങ്ങളുടെ ശ്രമങ്ങളാണ് വിജയത്തിലെത്തിയത്. എല്ലാ രാഷ്ട്രീയ പാർട്ടികളും ഞങ്ങളോട് യോജിച്ചു. അവർക്ക് നന്ദി പറയുന്നു. ഇത് ചരിത്രപരമായ ചുവടുവെപ്പാണ് -തേജസ്വി പറഞ്ഞു.
ദരിദ്രരെയും അടിച്ചമർത്തപ്പെട്ടവരെയും മുഖ്യധാരയിൽ കൊണ്ടുവരാൻ സർവേ പ്രധാനമായിരുന്നു. ഇനി ശാസ്ത്രീയ രേഖകൾ ലഭിക്കും. അതിന്റെ അടിസ്ഥാനത്തിൽ ആരാണ് ഒഴിവാക്കപ്പെട്ടവരെന്നും എന്താണ് ചെയ്യേണ്ടതെന്നുമൊക്കെ തീരുമാനിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
500 കോടി രൂപയാണ് സർവേ നടത്താൻ സർക്കാർ ബജറ്റിൽ വകയിരുത്തിയത്. അടുത്ത വർഷം ഫെബ്രുവരിയോടെ സർവേ പൂർത്തിയാകും. സംസ്ഥാനതലത്തിൽ പൊതുഭരണ വകുപ്പും ജില്ലാതലത്തിൽ ഡി.എം നോഡൽ ഓഫിസറുമായിരിക്കും സർവേ നടത്തുക.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ജാതി സെൻസസിന് തീരുമാനിച്ചത്. ഒമ്പത് രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും യോഗത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രിക്ക് നിർദേശങ്ങൾ നൽകി. ജാതി സെൻസസ് സംസ്ഥാനത്ത് നടപ്പാക്കുമെന്നും 2023ഓടെ സർവേ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ചീഫ് സെക്രട്ടറി അമീർ സുബ്ഹാനി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.