ന്യൂഡൽഹി: രാജ്യദ്രോഹ നിയമം സുപ്രീംകോടതി മരവിപ്പിച്ചതിനെ വിജയമെന്ന് വിശേഷിപ്പിച്ച് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയിത്ര. 152 വർഷം വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124 എ വകുപ്പ് മരവിപ്പിച്ച സുപ്രീംകോടതിയുടെ ഉത്തരവിന് പിന്നാലെയാണ് മോയിത്രയുടെ ട്വീറ്റ്. രാജ്യദ്രോഹനിയമത്തിന്‍റെ സാധുത ചോദ്യം ചെയ്ത് പെറ്റീഷൻ സമർപ്പിച്ചവരിൽ മൊയിത്രയുമുണ്ടായിരുന്നു.
ചരിത്ര വിധിയുടെ ഏതാനും മണിക്കൂറുകൾക്ക് മുന്നെ, കേന്ദ്ര സർക്കാരിനുവേണ്ടി കോടതിയിൽ ഹാജരായ സോളിറ്റർ ജനറൽ തുഷാർ മെഹ്തയുടെ 'പണ്ഡിറ്റ് നെഹ്റു എന്താണോ ചെയ്യാത്തത് അത് ഈ ഗവൺമെന്‍റ് ചെയ്യുന്നു' എന്ന വാദത്തിനെതിരെ മൊയിത്ര ട്വീറ്റ് ചെയ്തിരുന്നു. നിങ്ങൾ ശരിയാണ്, നെഹ്റു കോടതിയിൽ കള്ളം പറയില്ല, നിരപരാധികളെ ജയിലിലടക്കില്ല, സാധാരണക്കാർക്ക് നേരെ ചാരപ്പണി ചെയ്യില്ല, വിയോജിപ്പുള്ള വരെ ഒരു കാരണവുമില്ലാതെ ജയിലിലടക്കില്ല - അവർ ട്വീറ്റിൽ പറഞ്ഞു. നേരത്തെയെയും കോടതിയിൽ കേന്ദ്ര സർക്കാരിന് നിലപാടറിയിക്കാൻ കൂടുതൽ സമയം വേണമെന്നാവശ്യപ്പെട്ട സോളിറ്റർ ജനറലിനെ മോയിത്ര ട്വിറ്ററിലൂടെ വിമർശിച്ചിരുന്നു.
ചീഫ് ജസ്റ്റിസ് എൻ.വി. രമണ അടങ്ങിയ ബെഞ്ചാണ് കേന്ദ്രസർക്കാർ നിയമത്തിന്‍റെ പുനപരിശോധന പൂർത്തിയാക്കുന്നത് വരെ 124 എ വകുപ്പ് മരവിപ്പിക്കാൻ ഉത്തരവിട്ടത്. രാജ്യദ്രോഹനിയമം ദുരുപയോഗം ചെയ്യുന്നുണ്ടെന്ന പരാതി വ്യാപകമായി ഉയർന്നിരുന്നു. കോടതി ഉത്തരവനുസരിച്ച് 124 എ വകുപ്പനുസരിച്ച് പുതുതായി കേസ് രജിസ്റ്റർ ചെയ്യാൻ പാടില്ല. കൂടാതെ നിലവിൽ രാജ്യദ്രോഹകുറ്റം ചുമത്തി ജയിൽ കഴിയുന്നവർക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കുകയും ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.