ലഖ്‌നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വാഹനവ്യൂഹത്തിന് നേരെ അടുത്തിടെ ആക്രമണമുണ്ടായെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകപ്രചാരണം. പ്രതിഷേധക്കാർ വാഹനവ്യൂഹം തടഞ്ഞ് മുദ്രാവാക്യം വിളിക്കുന്ന വീഡിയോ ഷെയർ ചെയ്താണ് ഈ സംഭവം മാധ്യമങ്ങളാന്നും വാർത്തയാക്കിയില്ലെന്ന് പറയുന്നത്.
ലഖ്‌നോ സർവകലാശാലയിലെ വിദ്യാർഥികൾ ആദിത്യനാഥിന്‍റെ വാഹനവ്യൂഹം തടയുന്ന വിഡിയോയാണ് ഇപ്പോൾ നടന്നതെന്ന പേരിൽ പ്രചരിക്കുന്നത്. 'യു.പി മുഖ്യമന്ത്രി യോഗിക്ക് നേരെ പരസ്യമായ ആക്രമണം, ഒരു ടിവി ചാനലും കാണിക്കുന്നില്ല' എന്ന അവകാശവാദത്തോടെയാണ് 3:11 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ പലരും ഷെയർ ചെയ്യുന്നത്.
ഫേസ്ബുക്കിലും ട്വിറ്ററിലും വാട്സാപ് ഗ്രൂപ്പുകളിലും ഇത് പറപറക്കുന്നുണ്ട്. എന്നാൽ, ദ ക്വിന്‍റ് നടത്തിയ പരിശോധനയിൽ 2018ൽ 'വി.എസ്.എസ്പി ലൈവ് ന്യൂസ് ഉത്തർപ്രദേശ്' എന്ന പേരിൽ ഒരു യൂട്യൂബ് ചാനലിൽ ഈ വാർത്ത അപ്ലോഡ് ചെയ്തതായി കണ്ടെത്തി. വീഡിയോ അടുത്തിടെയുള്ളതല്ലെന്ന് ഉറപ്പിച്ച അവർ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഭവത്തിന്‍റെ യഥാർഥ വസ്തുത വെളിച്ചത്തുവന്നു.
2017 ജൂണിൽ ലഖ്‌നോ സർവകലാശാല സന്ദർശിച്ച മുഖ്യമന്ത്രി യോഗിയെ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷനും (എ.ഐ.എസ്.എ) സമാജ്‌വാദി പാർട്ടിയുടെ വിദ്യാർഥി സംഘടനയായ ഛത്ര സഭയും ചേർന്ന് തടയുന്ന വിഡിയോ ആണ് ഇപ്പോൾ നടന്നതെന്ന പേരിൽ പ്രചരിക്കുന്നത്. എൻ.ഡി.ടിവിയും ടൈംസ് ഓഫ് ഇന്ത്യയും പ്രസ്തുത വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതുസംബന്ധിച്ച് ഹിന്ദുസ്ഥാൻ ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തിൽ 'ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എ.ഐ.എസ്.എ), സമാജ്‌വാദി പാർട്ടിയുടെ വിദ്യാർഥി സംഘടനയായ ഛത്ര സഭ എന്നിവയുടെ പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടയുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു. 11 പേരെ അറസ്റ്റ് ചെയ്തു' എന്ന് വ്യക്തമായി പറയുന്നുണ്ട്. ഇപ്പോൾ വെറലായ വിഡിയോയിലുള്ള പിങ്ക് കുർത്ത ധരിച്ച ഒരു സ്ത്രീയെ ലേഖനത്തോടൊപ്പമുള്ള ഫോട്ടോയിലും കാണാം. '2017 ജൂണിൽ ലഖ്‌നോവിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വാഹനവ്യൂഹം വിദ്യാർഥികൾ തടയുന്നു' എന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് ഫോട്ടോയുടെ അടിക്കുറിപ്പ്. എ.ബി.പി ന്യൂസ് ഹിന്ദിയുടെ യൂട്യൂബ് ചാനലും 2017 ജൂൺ 12ന് ഇതേ വീഡിയോ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.