ന്യൂഡൽഹി: വന്ദേഭാരത് പോലുള്ള പ്രീമിയം ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ പുറത്തിറക്കിയെങ്കിലും ഭൂരിപക്ഷം സാധാരണക്കാരും ആശ്രയിക്കുന്ന സ്ലീപ്പർ കോച്ചുകളിലും ജനറൽ കോച്ചുകളിലും ഇനിയും യാത്രദുരിതത്തിന് അറുതിയായിട്ടില്ല. സ്ലീപ്പർ, ജനറൽ കോച്ചുകളിലെ തിരക്കിനെ കുറിച്ച് നിരവധി വാർത്തകൾ പുറത്ത് വന്നുവെങ്കിലും ഇതൊന്നും റെയിൽവേ കണ്ടഭാവം നടിച്ചിട്ടില്ല. ഇപ്പോൾ അത്തരത്തിൽ സ്ലീപ്പർ കോച്ചിൽ ഒരു യാത്രക്കാരന് നേരിടേണ്ടി വന്ന ദുരനുഭവത്തിന്റെ വാർത്തയാണ് പുറത്ത് വരുന്നത്.
എക്സിലൂടെയാണ് സുമിത് എന്നയാൾ സുഹൈൽദേവ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ വെച്ച് തനിക്കുണ്ടായ ദുരനുഭവം വിവരിച്ചിരിക്കുന്നത്. സ്ലീപ്പർ കോച്ച് ജനറൽ കോച്ചായെന്നും ഭൂരിപക്ഷം പേരും ടിക്കറ്റില്ലാതെയാണ് യാത്ര ചെയ്യുന്നതെന്നും ചിലരുടെ കൈവശം ജനറൽ ടിക്കറ്റ് മാത്രമാണ് ഉള്ളതെന്നുമായിരുന്നു സുമിത് എക്സിലെ കുറിപ്പിൽ പറഞ്ഞത്. ട്രെയിനിന്റെ സ്ലീപ്പർ കോച്ചിന്റെ തറയിലിരുന്ന് ആളുകൾ യാത്ര ചെയ്യുന്നതിന്റെ വീഡിയോയും ഇയാൾ പങ്കുവെച്ചിരുന്നു.
എക്സിലെ കുറിപ്പിനെ പിന്നാലെ ഇക്കാര്യത്തിൽ ഉടൻ തന്നെ റെയിൽവേ ഇടപെടലുണ്ടായി. ഇന്ത്യൻ റെയിൽവേയുടെ കസ്റ്റമർ കെയർ വിഭാഗമായ റെയിൽ സേവയാണ് പ്രശ്നത്തിൽ ഇടപ്പെട്ടത്. ദയവായി പി.എൻ.ആർ നമ്പറും മൊബൈൽ നമ്പറും പങ്കുവെക്കണമെന്ന് റെയിൽ സേവ അഭ്യർഥിച്ചു. റെയിൽവേയുടെ വെബ്സൈറ്റിലൂടെയോ 139 എന്ന നമ്പറിലൂടേയോ പരാതി ഉന്നയിക്കാവുന്നതാണെന്നും റെയിൽ സേവ അറിയിച്ചു.
എന്നാൽ, എക്സിലെ സുമിതിന്റെ കുറിപ്പ് പുറത്ത് വന്നതിന് പിന്നാലെ റെയിൽവേയെ കുറ്റപ്പെടുത്തി നിരവധി പേരാണ് രംഗത്തെത്തുന്നത്. നേരത്തെ രജിത് ജെയിൻ എന്ന യാത്രക്കാരൻ തന്റെ സഹോദരിക്ക് ട്രെയിനിൽ നേരിടേണ്ടി വന്നിരുന്ന മോശം അനുഭവം വിവരിച്ചിരുന്നു. ത്രീ ടയർ എ.സി കോച്ചിൽ ബുക്ക് ചെയ്യാത്ത യാത്രികർ കയറിയതിനാൽ തന്റെ സഹോദരിക്ക് ട്രെയിൻ കയറാൻ കഴിയാതിരുന്ന സാഹചര്യമാണ് രജിത് ജെയിൻ വിവരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.