ജഹാംഗീർപുരിയിലെത്തിയ മുസ്‍ലിം ലീഗ് പ്രതിനിധി സംഘം

'ജഹാംഗീർപുരിയിലെ കാഴ്ചകൾ ഹൃദയഭേദകം'; മുസ്‍ലിം ലീഗ് പ്രതിനിധി സംഘം സന്ദർശിച്ചു

ന്യൂഡൽഹി: ജഹാംഗീർ പുരിയിൽ കണ്ട കാഴ്ച്ചകൾ ഹൃദയഭേദകമെന്ന് മുസ്‍ലിം ലീഗ് നേതാവും എം.പിയുമായ ഇ.ടി. മുഹമ്മദ് ബഷീർ. ദയനീയ കാഴ്ച്ചകൾ മറച്ചുപിടിക്കാനാണ് ഇപ്പോൾ ഡൽഹി പൊലീസ് ശ്രമിക്കുന്നത്. ഞങ്ങൾക്ക് മുമ്പ് എത്തിയ സമാജ്‌വാദി പാർട്ടിയടക്കമുള്ള മറ്റു സംഘടന പ്രതിനിധികളെയെല്ലാം പൊലീസ് തടഞ്ഞ് തിരിച്ചയച്ചിരുന്നു. എന്നാൽ, അവിടം സന്ദർശിക്കാനുള്ള ഞങ്ങളുടെ അവകാശം എസ്.പി സുധീർ കുമാറിനെ ബോധ്യപ്പെടുത്തി. അതേതുടർന്ന് മുസ്‌ലിം ലീഗ് സംഘത്തിലെ ആറുപേർക്ക് പ്രവേശനാനുമതി നൽകി.

പ്രദേശവാസികളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. ഹനുമാൻ ജയന്തി ഘോഷയാത്രയുടെ മറവിലാണ് ബജ്റംഗ് ദൾ പ്രവർത്തകർ ഇവിടെ വർഗീയ സംഘർഷം സൃഷ്ടിച്ചത്. പിന്നീട് സ്ഥിതിഗതികൾ ശാന്തമായെങ്കിലും മുനിസിപ്പൽ കോർപ്പറേഷൻ കുടിയൊഴിപ്പിക്കലിന്റെ മറവിൽ ബുൾഡോസർ രാജ് നടപ്പാക്കുകയായിരുന്നു. വർഷങ്ങളായി താമസിക്കുന്ന വീടും ഉപജീവനോപാധിയും നഷ്ടമായവരുടെ കൂടെ നിൽക്കും. നിയമപോരാട്ടങ്ങൾക്ക് പിന്തുണ നൽകുമെന്നും ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു.

മുസ്ലിം ലീഗ് നാഷനൽ സീനിയർ വൈസ് പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് സമദാനി എം.പി, നവാസ് ഗനി എം.പി, മുസ്ലിം ലീഗ് സെക്രട്ടറി ഖുർറം അനീസ് ഉമർ, യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരി, ജനറൽ സെക്രട്ടറി അഡ്വ. വി.കെ. ഫൈസൽ ബാബു, എക്സിക്യൂട്ടീവ് അംഗം ഷിബു മീരാൻ എന്നിവരും കൂടെയുണ്ടായിരുന്നു .

വെറുപ്പിന്റെ ബുൾഡോസർ രാജ്യത്തെ തകർക്കും -സമദാനി

ജഹാംഗീർ പുരിയിലും മധ്യപ്രദേശിലുമൊക്കെ മനുഷ്യരുടെ ജീവിതങ്ങളിലേക്ക് ഇടിച്ചുകയറ്റുന്ന ഭരണകൂടത്തിന്റെ വെറുപ്പിന്റെ ബുൾഡോസർ ഇന്ത്യയെ ഒന്നാകെ പുറകോട്ടടിപ്പിക്കുമെന്ന് അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു. എല്ലാവരും ചേർന്ന് കെട്ടിപ്പടുത്ത രാജ്യത്തെയാണ് ചിലർ തകർക്കുന്നത്.

സുപ്രീം കോടതിയുടെ സ്റ്റേ ഉത്തരവ് വന്നശേഷവും ബുൾഡോസർ പ്രയോഗം തുടർന്നത് പച്ചയായ നിയമലംഘനമാണ്. ഇതിനെതിരെ പ്രതിഷേധമുയർത്തും. ഇരകളോട് അഗാധമായി ഐക്യപ്പെടുന്നു.

കഷ്ടപ്പാടുകൾ സഹിച്ച് ഉപജീവനം നടത്തി മുന്നോട് പോകുന്ന തീർത്തും സാധാരണക്കാരും പാവങ്ങളുമായ ജനങ്ങളുടെ വാസസ്ഥാനങ്ങളുടെ നേരെയുള്ള ഈ കൈയേറ്റം തീർത്തും മനുഷ്യത്വരഹിതവും നീതിക്ക് നിരക്കാത്തതുമാണ്. അനധികൃത നിർമാണത്തിന്റെ പേര് പറഞ്ഞ് കൊണ്ടാണ് ഈ കാടത്വത്തെ ന്യായീകരിക്കുന്നത്. അനധികൃത നിർമാണമാണെങ്കിൽ തന്നെ അത് രാജ്യത്ത് പല ഭാഗത്തും പല രീതിയിൽ നടക്കുന്നതും നടന്നിട്ടുള്ളതുമാണ്. അവിടെയൊക്കെ ഇത്തരം ബുൾഡോസർ കൈയേറ്റങ്ങൾക്ക് സർക്കാർ തയാറാകുമോ എന്നറിയേണ്ടതുണ്ട്.

ഇനി അനധികൃത നിർമാണം നടത്തിയവരാണെങ്കിൽ പോലും നോട്ടീസു കൊടുത്തും വിവരമറിയിച്ചുമാണ് അവരുടെ കാര്യത്തിൽ നടപടി സ്വീകരിക്കേണ്ടത്. പൊടുന്നനെ ഈ രീതിയിൽ പാവപ്പെട്ടവരുടെ താമസസ്ഥലങ്ങളും ഉപജീവനം നടത്തുന്ന കടകളും ഇടിച്ച് തകർക്കുന്നത് ഒരിക്കലും എവിടെയും ന്യായീകരിക്കാനാവില്ല.

ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾക്ക് തന്നെ കടകവിരുദ്ധമാണ് ഇവിടെ കണ്ട പ്രവർത്തി. ഏതൊരു തീരുമാനം എടുക്കുമ്പോഴും രാജ്യത്തെ ഏറ്റവും പാവപ്പെട്ടവനെ കുറിച്ച് ആലോചിക്കണമെന്നും അവ മനസ്സിൽ കാണണമെന്നും വരിയിൽ നിൽക്കുന്ന ഒടുക്കത്തെ ആളെപ്പറ്റി എപ്പോഴും ചിന്തിക്കണമെന്നും ഉദ്ബോധിപ്പിച്ച രാഷ്ട്രപിതാവിന്റെ തത്വങ്ങൾക്ക് മീതെയാണ് ഈ ബുൾഡോസർ പ്രയോഗം നടന്നിട്ടുള്ളത് എന്നും ഓർക്കേണ്ടതുണ്ട്.

ഇത്തരം അനീതികൾക്കും അക്രമങ്ങൾക്കുമെതിരെ നിയമപരമായും ഭരണഘടനാനുസൃതമായും ജനാധിപത്യപരവുമായുള്ള എല്ലാ പോരാട്ടങ്ങളും ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് തുടരുമെന്നും അബ്ദുസ്സമദ് സമദാനി പറഞ്ഞു. 

Tags:    
News Summary - ‘Views of Jahangirpuri are heartbreaking’; The Muslim League delegation visited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.